പണിമുടക്ക് ദിനം സ്വന്തം കെട്ടിടത്തിന് മുൻഭാഗം ടാർ ചെയ്യിച്ച് സി.പി.എം ഏരിയ സെക്രട്ടറി
തൊടുപുഴ: പൊതുപണിമുടക്ക് ദിവസം സി.പി.എം ഏരിയ സെക്രട്ടറിയുടെ കെട്ടിടത്തിന് മുമ്പിൽ തൊഴിലാളികളെക്കൊണ്ട് ടാറിങ് ചെയ്യിച്ചത് വിവാദമായി. ഇന്നലെ രാവിലെയാണ് കരിമണ്ണൂർ ഏരിയ സെക്രട്ടറി പി.പി. സുമേഷിന്റെ ഉടമസ്ഥതയിലുള്ള ഉടുമ്പന്നൂർ ടൗണിലെ കെട്ടിടത്തിന് മുമ്പിൽ തൊഴിലാളികൾ പണിമുടക്ക് അവഗണിച്ച് ടാറിങ് ജോലിയിൽ ഏർപ്പെട്ടത്. ഏരിയ സെക്രട്ടറിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പണികൾ. പണിമുടക്കിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ നേതാവിന്റെ കെട്ടിടത്തിന് മുമ്പിൽ ജോലി നടന്നത് ഇരട്ടത്താപ്പാണെന്ന വ്യാപക വിമർശനവും ഉയർന്നിട്ടുണ്ട്. കെട്ടിടത്തിന് മുമ്പിലെ വഴിയും പാർക്കിംഗ് ഏരിയയും ഉൾപ്പെടുന്ന സ്ഥലം ടാർ ചെയ്തതാണ് വിവാദത്തിനിടയാക്കിയത്. സംഭവം വിവാദമായതോടെ ജോലി നിറുത്തിവയ്ക്കാൻ തൊഴിലാളികളോട് ആവശ്യപ്പെട്ടു. മുമ്പ് കരിമണ്ണൂരിൽ പ്രവർത്തിച്ചിരുന്ന ബെവ്‌കോ ഔട്ട്ലെറ്റ് തന്റെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കുന്നതിനായി ഏരിയ സെക്രട്ടറി ഇടപെടൽ നടത്തിയതും വിവാദമായിരുന്നു. ബിവറേജിലേക്കുള്ള റോഡ് ഉൾപ്പെടുന്ന സ്ഥലമാണ് ഇന്നലെ ടാർ ചെയ്തത്. കെട്ടിടത്തിന് സമീപമുള്ള ഹോട്ടലിലെ മാലിന്യക്കുഴി നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ പൊടിശല്യം ഒഴിവാക്കാനാണ് ടാറിങ് നടത്തുന്നതെന്നാണ് ഏരിയാ സെക്രട്ടറി പി.പി സുമേഷ് നൽകുന്ന വിശദീകരണം. പണിമുടക്ക് ദിവസം കടകളെല്ലാം അടഞ്ഞുകിടക്കുന്നതിനാൽ ഈ സൗകര്യം കണക്കിലെടുത്താണ് ഇന്നലെ തന്നെ ടാറിങ് നടത്താൻ തീരുമാനിച്ചതെന്നും സുമേഷ് പറഞ്ഞു.