ശബരിമലയിൽ സർക്കാർ ചെലവഴിച്ച തുകയുടെ കണക്ക് പുറത്ത് വിടണമെന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഉമ്മൻചാണ്ടി

Thursday 17 October 2019 8:41 PM IST

തിരുവനന്തപുരം: ശബരിമലയിൽ എൽ.ഡി.എഫ് സർക്കാർ ചെലവഴിച്ച തുകയുടെ കണക്ക് പുറത്തുവിടണമെന്ന് ഉമ്മൻചാണ്ടി. ശബരിമലയിലെ വികസനത്തിനായി 1273 കോടി രൂപ ചെലവഴിച്ചു എന്ന് ആവർത്തിച്ചു പറയുന്ന മുഖ്യമന്ത്രി തുക എന്തിനൊക്കെ ആണ് ചെലവാക്കിയതെന്ന് വ്യക്തമാക്കണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

ശബരിമല വികസനത്തിന് യു‍.ഡി.എഫ് സർക്കാർ 212 കോടി രൂപ മാത്രം ചെലവഴിച്ചപ്പോൾ എൽ‍.ഡി.എഫ് സർക്കാർ 1278 കോടി രൂപ ചെലവഴിച്ചതായി മുഖ്യമന്ത്രി ഉപതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രസംഗിച്ചിരുന്നു. ഇതിനെ വെല്ലുവിളിച്ചായിരുന്നു മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാർത്താസമ്മേളനം.

വെറും 47.4 കോടി മാത്രം ആണ് ഇടത് സർക്കാർ ചെലവഴിച്ചത് എന്ന് ഉമ്മൻ ചാണ്ടി പറയുന്നു. ബഡ്‌ജറ്റിൽ കാണിച്ച തുക ഇടത് സർക്കാർ ചെലവഴിച്ചിട്ടില്ല. എന്നാൽ1500 കോടി രൂപ 5 വർഷം കൊണ്ട് യു.ഡി.എഫ് സർക്കാർ ചെലവഴിച്ചെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടുന്നു.