എസ്.എസ്.എ ഫണ്ട് കേന്ദ്രം നൽകുന്നില്ലെന്ന് കേരളം വീണ്ടും സുപ്രീംകോടതിയിൽ
Friday 13 February 2026 12:50 AM IST
ന്യൂഡൽഹി : സർവ ശിക്ഷാ അഭിയാൻ (എസ്.എസ്.എ) ഫണ്ട് കേന്ദ്രസർക്കാർ കൈമാറുന്നില്ലെന്ന് കേരളം വീണ്ടും സുപ്രീംകോടതിയെ അറിയിച്ചു. കേരളത്തിലെ സ്‌പെഷ്യൽ എജ്യുക്കേറ്റമാരുടെ നിയമനവിഷയം പരിഗണിക്കവെയാണിത്. കേന്ദ്രം വാഗ്ദാനം ചെയ്‌ത തുക ഇതുവരെ കൈമാറിയിട്ടില്ലെന്ന് വ്യക്തമാക്കി. ഫണ്ട് ഉടൻ നൽകുമെന്ന് കഴിഞ്ഞ നവംബറിൽ കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിക്ക് ഉറപ്പുനൽകിയിരുന്നതും ചൂണ്ടിക്കാട്ടി. എന്നാൽ കേരളത്തിന് നവംബറിൽ തന്നെ 92 കോടി രൂപ ഫണ്ടു ലഭിച്ചതായി കേസിലെ കക്ഷികളായ കേരള റിസോൾസ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ആർ.ടി.എ) അറിയിച്ചു. ഇതോടെ കണക്കുകൾ വ്യക്തമാക്കി അടുത്ത തിങ്കളാഴ്ചയ്‌ക്കകം സത്യവാങ്‌മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകി.