അഗ്‌ന്യാധാനവും പ്രത്യക്ഷ ശ്രീചക്ര പൂജയും
കൊടകര: വട്ടേക്കാട് തപോവനം ശ്രീ ദക്ഷിണാമൂർത്തി വിദ്യാപീഠം നവഗ്രഹ ശിവക്ഷേത്രത്തിൽ അഗ്‌ന്യാധാനവും പ്രത്യക്ഷ ശ്രീചക്ര പൂജയും നടത്തി. അടുത്ത ആഗസ്റ്റ് മാസത്തിൽ ഡേ.അശ്വനിദേവ് തന്ത്രികൾ ആചാര്യനായി അയോദ്ധ്യയിൽ നടക്കുന്ന ലക്ഷ്മീ കുബേര മഹായാഗത്തിന്റെയും മഹാരുദ്ര യജ്ഞത്തിന്റെയും മുന്നോടിയായിട്ടുള്ള ക്രിയകളാണ് ക്ഷേത്രത്തിൽ സംഘടിപ്പിച്ചത്. രാവിലെ അഞ്ചിന് പള്ളിയുണർത്തലോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, ഉഷപ്പൂജ, ഉച്ചപൂജ തുടങ്ങിയവ നടന്നു. അഗ്‌ന്യാധാനത്തിന് ചോനക്കര മന വാസുദേവൻ നമ്പൂതിരി, ദേവദത്തൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. ശ്രീചക്ര പൂജയ്ക്ക് വിനു മഹോദയ, ഷാജി തന്ത്രി എന്നിവർ കാർമ്മികരായി. സാംസ്‌കാരിക സമ്മേളനം സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ആർ.ദിനേശൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ജോയ് നെല്ലിശ്ശേരി, ചലച്ചിത്ര താരങ്ങളായ രാജീവ് രാജൻ, സോഫി ആന്റണി, ഇടയ്ക്ക കലാകാരി ആശാ സുരേഷ്, മഹാരുദ്ര യജ്ഞ മുഖ്യ രക്ഷാധികാരി ഹിന്ദ് കേസരി ശ്രീനിവാസ തമ്പുരാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.