സബ് രജിസ്ട്രാർ ലക്ഷ്‌മി പൊലീസ് കസ്റ്റഡിയിൽ
ചോദ്യം ചെയ്യൽ തുടങ്ങി
തിരുവനന്തപുരം: അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സ്ത്രീയുടെ ജവഹർനഗറിലെ ഭൂമിയും വീടും വ്യാജരേഖകളുണ്ടാക്കി മറിച്ചുവിൽക്കാൻ ഒത്താശചെയ്ത കള്ളിക്കാട് സ്വദേശിയായ സബ് രജിസ്ട്രാർ കെ.എസ്.ലക്ഷ്മിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ഇന്ന് വൈകിട്ട് 5 വരെ പൊലീസ് കസ്റ്റഡി അനുവദിച്ചത്. തട്ടിപ്പിന് കൈക്കൂലിയായി വാങ്ങിയ 10 ലക്ഷം രൂപ കണ്ടെത്തണമെന്ന് കസ്റ്റഡി അപേക്ഷയിൽ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് കോടതിയുടെ
ഉത്തരവ്.
കൈക്കൂലിപ്പണം ലക്ഷ്‌മിയുടെ അക്കൗണ്ടിലെത്തിയതായി പൊലീസിന് കണ്ടെത്താനായിട്ടില്ല. ബിനാമി ഇടപാടിലേക്കായി മറ്റാരെയെങ്കിലും ഏൽപിച്ചോ അതോ മറ്റേതെങ്കിലും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ചോ എന്ന കാര്യത്തിലും വ്യക്തത വരുത്താനാണ് പൊലീസിന്റെ നീക്കം. മാത്രമല്ല, സമാനമായി മറ്റ് ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നും ഈ ഇടപാടിൽ ഓഫീസിലെ മറ്റ് ജീവനക്കാർക്ക് ആർക്കെങ്കിലും പങ്കുണ്ടോ എന്നതിലും വ്യക്തതയുണ്ടാക്കാനാകുമെന്നാണ് പൊലീസ് കരുതുന്നത്.
ലക്ഷ്‌മിക്കെതിരെ മുമ്പും ആരോപണം
വെള്ളനാട് സ്വദേശി കേരള ബാങ്കിൽ ഈടുവയ്‌ക്കുകയും ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ജപ്‌തി ചെയ്‌തതുമായ ഭൂമി മറ്റൊരാൾക്ക് പതിച്ചുനൽകിയ സംഭവത്തിൽ ലക്ഷ്‌മി ആരോപണ വിധേയയായിരുന്നു. വെള്ളനാട് സബ് രജിസ്ട്രാർ ആയിരിക്കെ 2025ൽ നടന്ന സംഭവത്തിൽ ഇവർക്കെതിരെ ആര്യനാട് പൊലീസ് കേസെടുത്തെങ്കിലും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. കേസിൽ സബ് രജിസ്ട്രാർക്ക് ബന്ധമില്ലെന്ന ജില്ലാ രജിസ്ട്രാർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് ഇവരെ ഒഴിവാക്കിയതെന്നാണ് പൊലീസ് പറയുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ കേസ് വീണ്ടും പരിശോധിച്ച് ലക്ഷ്മിയെ പ്രതിയാക്കാൻ നീക്കമുണ്ട്.
റിമാൻഡിലായിട്ടും നടപടിയില്ല
കൈക്കൂലിയായി വാങ്ങിയെന്ന് പൊലീസ് പറയുന്ന പണമോ മൊബൈൽ ഫോണോ കണ്ടെത്താത്ത സാഹചര്യത്തിൽ കേസ്, പൊലീസ് കെട്ടിച്ചമച്ചതാകാമെന്ന വാദവുമായി രജിസ്‌ട്രേഷൻ വകുപ്പ്. റിമാൻഡിലായിട്ടും ലക്ഷ്‌മിയെ സസ്‌പെന്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടില്ല. സബ് രജിസ്ട്രാർ ഓഫീസിൽ ഇടപാടുകാർ കൊണ്ടുവരുന്നത് വ്യാജ ഐഡന്റിറ്റി കാർഡ് ആണോ എന്നു കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് അറിയാൻ മാർഗമില്ലെന്നും വരുന്നവരെ വിചാരണ ചെയ്യുമ്പോൾ അവർ പറയുന്നത് മാത്രമാണ് മുഖവിലയ്ക്കെടുക്കാനാകുന്നതെന്നുമാണ് വകുപ്പ് അധികൃതർ പറയുന്നത്.