ഭാര്യാസഹോദരനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിന് 4വർഷം കഠിനതടവും പിഴയും
ആലപ്പുഴ: വസ്തുതർക്കത്തെ തുടർന്ന് ഭാര്യാസഹോദരനെ അരിവാൾ കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ കുത്തിയതോട് എഴുപുന്ന കൂവക്കാട്തറ വീട്ടിൽ സോമന് (42) ആലപ്പുഴ അഡീഷണൽ ജില്ല സെഷൻ കോടതി മൂന്ന് ജഡ്ജ് എച്ച് ഷുഹൈബ് നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. സോമന്റെ ഭാര്യാ സഹോദരൻ കൂവക്കാട് തറവീട്ടിൽ ശശിയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
2020 ജൂൺ 27 രാത്രി 9 മണിക്കായിരുന്നു സംഭവം. മരം വെട്ടുകാരനായ പ്രതി മീൻ പിടിച്ച് ഉപജീവനം നടത്തുന്ന പരാതിക്കാരനെ കൊലപ്പെടുത്താൻ വേണ്ടിയാണ് അക്രമിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് കുത്തിയതോട് പൊലീസ് ഇൻസ്പെക്ടർ എ.വി.ബിജു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.ബി.ശാരി ഹാജരായി. സിവിൽപൊലീസ് ഓഫീസർ സി.അമൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. സംഭവത്തിന് ശേഷവും പ്രതി പരാതിക്കാരനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. ഈ കേസിൽ ചേർത്തല അസിസ്റ്റൻസ് കോടതി 7 വർഷം കഠിനതടവിന് ശിക്ഷിച്ചിട്ടുണ്ട്. നിലവിൽ ഈ കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ പ്രതി ശിക്ഷ അനുഭവിച്ചുവരികയാണ്.