രാഹുലിനെ അയോഗ്യനാക്കാൻ ലോക്‌സഭയിൽ ബി.ജെ.പി പ്രമേയം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിമാർക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ പേരിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എംപി നിഷികാന്ത് ദുബെ പ്രമേയം കൊണ്ടുവന്നു.
പ്രതിപക്ഷത്തെ സഭയിൽ പ്രഹരിക്കാൻ കൊണ്ടുവന്ന പ്രമേയമായതിനാൽ, തുടർ നടപടിയിലേക്ക് കടക്കില്ലെന്നാണ് സൂചന. 2023 മാർച്ചിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് രാഹുലിനെ അയോഗ്യനാക്കിയിരുന്നു.
അതിനിടെ രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസ് കൊണ്ടുവരാനുള്ള നീക്കം സർക്കാർ പക്ഷം ഉപേക്ഷിച്ചു.
ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് രാഹുലിന്റെ നീക്കമെന്ന ദുബെയുടെ ആരോപണം സഭയെ പ്രക്ഷുബ്‌ധമായി.
തായ്‌ലൻഡ്, കംബോഡിയ, വിയറ്റ്നാം, യുഎസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന രാഹുൽ സോറോസ് ഫൗണ്ടേഷൻ, ഫോർഡ് ഫൗണ്ടേഷൻ, യു.എസ്.എ.ഐ.ഡി തുടങ്ങിയ വിദേശ സംഘടനകളുടെ സഹായത്തോടെയാണ് പ്രതിപക്ഷ നേതൃസ്ഥാനത്തെത്തിയത്. തിരഞ്ഞെടുപ്പ് കമ്മിഷനും സുപ്രീം കോടതിക്കും എതിരെപോലും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു. പാർലമെന്റിലും പൊതു വേദികളിലും അടിസ്ഥാനരഹിതവും അധാർമ്മികവുമായ കാര്യങ്ങൾ ഉയർത്തി പൊതുജനവികാരം ഇളക്കിവിടുന്നതിൽ രാഹുൽ ഗാന്ധിക്ക് അസാധാരണമായ കഴിവുണ്ടെന്നും ദുബേ കുറ്റപ്പെടുത്തി. ഇന്ത്യയെ അകത്തു നിന്ന് അസ്ഥിരപ്പെടുത്താനുള്ള സംഘത്തിൽ പ്രധാനിയാണ് രാഹുലെന്നും ആരോപിച്ചു.
മുൻ സൈനിക മേധാവി ജനറൽ എം.എം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ വിവരങ്ങൾ സഭയിൽ ഉന്നയിച്ചതിനെ ചൊല്ലി ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള തർക്കത്തിന്റെ തുടർച്ചയാണിത്. കഴിഞ്ഞ ദിവസം ബഡ്‌ജറ്റ് ചർച്ചയ്‌ക്കിടെ എപ്സ്റ്റീൻ ഫയൽസ് വെളിപ്പെടുത്തലുകളുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിക്കുമെതിരെ രാഹുൽ ആരോപണങ്ങളുന്നയിച്ചിരുന്നു.
രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ പരാമർശങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്‌ത ലോക്‌സഭാ സെക്രട്ടേറിയറ്റ്, ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയ ആരോപണങ്ങൾ കേട്ടില്ലേയെന്ന് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ ചോദിച്ചു.