ഇറ്റാലിയൻ പത്രത്തിന്റെ വെളിപ്പെടുത്തൽ, അഹമ്മദാബാദ് വിമാന ദുരന്തത്തിന് കാരണം പൈലറ്റ്

Friday 13 February 2026 12:43 AM IST

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തം ആകസ്‌മികമല്ലെന്നും പൈലറ്റ് ബോധപൂ‌ർവ്വം ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ചെയ്‌തതാണെന്നും ഇറ്റാലിയൻ ദിനപത്രത്തിൽ റിപ്പോ‌ർട്ട്. ഇക്കാര്യം അന്വേഷണസംഘം കണ്ടെത്തിയെന്നാണ് ഇറ്റാലിയൻ പത്രമായ കൊറിയർ ഡെല്ല സെറ വ്യക്തമാക്കിയത്. കോക്പിറ്റിലെ ഓഡിയോ സന്ദേശമടക്കം പരിശോധിച്ചാണ് അന്വേഷണസംഘം ഈ നിഗമനത്തിലെത്തിയതെന്നും പറയുന്നു. അപകടത്തിൽപ്പെട്ട എയർ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയില്ല. പൈലറ്റ് ഇന്ധന നിയന്ത്രണ സ്വിച്ച് 'റൺ' പൊസിഷനിൽ നിന്ന് 'കട്ട്ഓഫിലേക്ക്' മാറ്റിയത് ബോധപൂർവ്വം ആയിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘമെന്ന് പത്രറിപ്പോർട്ടിൽ പറയുന്നു. ആദ്യം ഇടത്തെയും പിന്നാലെ വലതു എൻജിനും നിലച്ചു. സഹപൈലറ്റ് പരമാവധി ശ്രമിച്ചെങ്കിലും പ്രധാന പൈലറ്റിന് മുന്നിലുള്ള നിയന്ത്രണ സംവിധാനങ്ങൾ നിഷ്ക്രിയമായിരുന്നു. രണ്ട് എൻജിനുകളും നിലയ്‌ക്കുന്ന അപൂ‌‌ർവത പുനഃസൃഷ്‌ടിക്കാൻ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള സിമുലേറ്റർ ടെസ്റ്റിലൂടെ യു.എസ് വിദഗ്ദ്ധർക്കും സാധിച്ചില്ല. അതേസമയം, അന്തിമ റിപ്പോർട്ട് പൈലറ്റിനെ പഴിചാരിയാകുമോയെന്ന് ഇതുവരെ വ്യക്തത വന്നിട്ടില്ല.

വിവരങ്ങൾ തേടി സുപ്രീംകോടതി

എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് (എ.എ.ഐ.ബി)​ അന്വേഷണം നടത്തുന്നത്. അന്വേഷണസംഘം പിന്തുടർന്ന പ്രോട്ടോകോൾ സംബന്ധിച്ച വിശദാംശങ്ങൾ മൂന്നാഴ്ചയ്‌ക്കകം അറിയിക്കാൻ സുപ്രീംകോടതി കഴിഞ്ഞദിവസം കേന്ദ്രസ‌ർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഇതിനിടെയാണ് വിദേശമാദ്ധ്യമത്തിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതെന്നത് ശ്രദ്ധേയം. സ്വതന്ത്ര ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ക്യാപ്റ്റൻ സുമീത് സബർവാളിന്റെ പിതാവ് പുഷ്‌കരാജ് സബർവാൾ അടക്കം സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. പൈലറ്റിനെ ഉന്നമിട്ടാണ് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ അന്വേഷണം നീങ്ങുന്നതെന്ന് പിതാവ് പരാതിപ്പെട്ടിരുന്നു. ആരുടെയെങ്കിലും മേൽ കുറ്റം ചാർത്താനാകരുത് അന്വേഷണമെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഏതെങ്കിലും പ്രത്യേക ബ്രാൻഡ് വിമാനങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നതിൽ സംയമനം പാലിക്കണമെന്ന് കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. മാദ്ധ്യമറിപ്പോ‌ർട്ടുകളെ മുഖവിലയ്‌ക്കെടുക്കേണ്ടതില്ല. ഡ്രീംലൈനറിനെ ഏറ്റവും സുരക്ഷിതമായി കണക്കാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നെന്നും കൂട്ടിച്ചേർത്തു.