ഡൽഹി സ്‌ഫോടനത്തിനുപിന്നിൽ ജെയ്‌ഷെ മുഹമ്മദ്: യു.എൻ റിപ്പോർട്ട്
ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്കുസമീപത്തെ സ്‌ഫോടനത്തിനു പിന്നിൽ പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദാണെന്ന് യു.എൻ റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ മോണിറ്ററിംഗ് ടീമിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് ഒരു യു.എൻ അംഗരാജ്യം മോണിറ്ററിംഗ് ടീമിനെ അറിയിച്ചിരുന്നു. ഏത് രാജ്യമാണെന്ന് വെളിപ്പെടുത്തിയില്ല. മറ്റൊരു അംഗരാജ്യം ജെയ്‌ഷെ മുഹമ്മദ് ഇപ്പോൾ നിഷ്ക്രിയമാണെന്നാണ് അറിയിച്ചത്. പാകിസ്ഥാനായിരിക്കും ആ നിലപാട് അറിയിച്ചിരിക്കാൻ സാദ്ധ്യതയെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. ജെയ്ഷയെ സഹായിക്കാൻ 'ജമാഅത്ത് ഉൽ മുമിനാത്' എന്ന പേരിൽ വനിതാ ഭീകരരുടെ ചാവേർ സംഘവും രൂപീകരിക്കപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. വനിതാ റിക്രൂട്ട്മെന്റിന്റെ ഭാഗമായി തുഫ്അത്ത് അൽ മുമിനാത് എന്നു പേരിട്ട് കഴിഞ്ഞ ഒക്ടോബറിൽ ഓൺലൈൻ കോഴ്സും നടത്തിയിരുന്നു.
ആശങ്കകൾ
പ്രതിഫലിക്കുന്നത്
ഇന്ത്യയുടെ ആശങ്കകൾ പ്രതിഫലിക്കുന്നതാണ് യു.എൻ റിപ്പോർട്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അതിർത്തി കടന്നുള്ള ഭീകരതയുമായി ബന്ധപ്പെട്ട ആശങ്കകളും വിവരങ്ങളും ഇന്ത്യ കൈമാറിയിരുന്നു. ഭീകരതയ്‌ക്കെതിരെ എങ്ങനെ ആഗോളതലത്തിലെ പോരാട്ടം ശക്തമാക്കാമെന്നും അറിയിച്ചിരുന്നു. അതു മോണിറ്ററിംഗ് ടീം കണക്കിലെടുത്തുവെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.