സാമ്പത്തിക തർക്കം റിട്ട. നാവിക സേന ഉദ്യോഗസ്ഥനെയും ഭാര്യയെയും കൊലപ്പെടുത്തി മകൻ

Friday 13 February 2026 12:58 AM IST

ബംഗളൂരു: സാമ്പത്തിക തർക്കത്തെത്തുടർന്ന് മാതാപിതാക്കളെ കുത്തി കൊലപ്പെടുത്തി യുവാവ്. ബംഗളൂരു

വിഗ്നാൻ നഗറിലാണ് സംഭവം. ഇന്ത്യൻ നേവിയിൽ നിന്ന് ക്യാപ്റ്രൻ റാങ്കിൽ വിരമിച്ച നവീൻ ചന്ദ്ര ഭട്ടും (60)​ ഭാര്യ ഡെന്റൽ ഡോക്ടറായ ശ്യാമള ഭട്ടുമാണ് (55)​ കൊല്ലപ്പെട്ടത്. സോഫ്‌റ്റ്‌വെയർ എൻജിനിയറായ മകൻ രോഹൻ ചന്ദ്ര ഭട്ടിനെ (33) പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വീട്ടുജോലിക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടുത്തിടെ രോഹൻ ജോലി ഉപേക്ഷിച്ചുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു. മാതാപിതാക്കളോട് ഇടയ്ക്കിടെ ഇയാൾ പൈസ ആവശ്യപ്പെട്ടിരുന്നു. വേർപിരിഞ്ഞ് താമസിച്ചിരുന്ന ഇയാൾ

ചൊവ്വാഴ്ച മാതാപിതാക്കളെ കാണാനെത്തി. തുടർന്ന് സാമ്പത്തിക കാര്യങ്ങളെച്ചൊല്ലി തർക്കമുണ്ടായി. ബുധനാഴ്ച പുലർച്ചെ ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. അയൽവാസിയും മണിപ്പാൽ ആശുപത്രിയിലെ ഡോക്ടറുമായ മാധവി നായർ നൽകിയ പരാതിയിൽ രോഹനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തിട്ടുണ്ട്. മൃതദേഹങ്ങൾ ബൗറിംഗ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിദേശത്തുള്ള മകൾ എത്തിയ ശേഷമാകും പോസ്റ്റ്‌മോർട്ടവും സംസ്‌കാരവും.