കേരളത്തിൽ രാജഭരണം അവസാനിക്കുന്നു: ചെന്നിത്തല

Friday 13 February 2026 1:18 AM IST

കോഴിക്കോട്: കേരളത്തിൽ രാജഭരണം അവസാനിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് പുതുയുഗ യാത്രയ്ക്ക് കോഴിക്കോട് മുതലക്കുളം മെെതാനിയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പത്തുവർഷത്തെ എൽ.ഡി.എഫ് ഭരണം കേരളത്തെ പിന്നോട്ടു നയിച്ചു. ഒരു രാജാവും അദ്ദേഹത്തിന്റെ തീരുമാനങ്ങൾക്ക് റാൻ മൂളുന്ന മന്ത്രിമാരുമാണുള്ളത്.. കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയൻ.ഏകാധിപതിയെ പോലെയാണ് മുഖ്യമന്ത്രി ഭരിക്കുന്നത്. പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്യുന്നു. കെ.എസ്.ആർ.ടി.സി ബസിലടക്കം പരസ്യം കൊടുത്ത് സർക്കാരിന്റെ പരസ്യ വാഹരാക്കി മാറ്റുന്നു. ഇത് നികുതിദായകരായ ജനങ്ങളോട് ചെയ്യുന്ന പാതകമാണ്. ഇതിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരെ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ അഴിയെണ്ണിക്കും. പുതുയുഗയാത്ര തിരുവനന്തപുരുത്ത് എത്തുന്നതോടെ രാജഭരണത്തിന് അന്ത്യമാകും.

പതുയുഗ യാത്രയ്ക്ക് ലഭിക്കുന്ന വമ്പിച്ച ജനപിന്തുണ സർക്കാരിനെതിരാണ് ജനങ്ങളെന്നതിന് തെളിവാണ്. ജനങ്ങളെ വിഡ്ഢിയാക്കുന്ന സമീപനമാണ് സർക്കാരിൻ്റേത്. അയ്യപ്പ സംഗമത്തിന് ഏഴ് കോടി രൂപ ഒരു ദിവസം മാത്രം ചെലവാക്കിയെന്നും ചെന്നിത്തല പറഞ്ഞു.