ഉദ്ഘാടനത്തിന് പിന്നാലെ വൈറൽ പാലം കാണാൻ വൻതിരക്ക്, അന്യസംസ്ഥാനങ്ങളിൽ നിന്നും സന്ദർശകർ
വെള്ളറട: കുമ്പിച്ചൽക്കടവ് പാലം കാണാൻ പൊതുപണിമുടക്ക് ദിവസവും വൻ തിരക്ക്. സോഷ്യൽ മീഡിയയിൽ വൈറലായ പാലം കാണാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ളവർ ഇവിടെ എത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തതിന് പിന്നാലെ ബോട്ട് സർവീസും നാല് ബസ് സർവീസുകളും ആരംഭിച്ചതോടെ കൂടുതൽ പേർ ഇവിടേയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ. പാലത്തിൽ ക്രമീകരിച്ചിട്ടുള്ള ദീപാലങ്കാരങ്ങൾ കാണാൻ രാത്രിയിലും ആളുകളുടെ തിരക്കുണ്ട്. പാലത്തിന്റെ അരികിൽ നിന്ന് വിദൂരമായ മലനിരകളും കാടിന്റെ ഭംഗിയും കാണാനും റീൽസ് എടുക്കാനും വരുന്നവരും നിരവധിയാണ്. അവധിദിവസങ്ങളിൽ ആൾത്തിരക്കേറിയതോടെ ഐസ്‌ക്രീം വില്പനക്കാരുടെയും വാഹനങ്ങളിൽ തുണികളും തൊപ്പികളും വിൽക്കുന്നവരുടെയും കച്ചവടവും തുടങ്ങിയിട്ടുണ്ട്.
സന്തോഷത്തോടെ നാട്ടുകാർ
അരനൂറ്റാണ്ടുകാലത്തെ ആവശ്യം യാഥാർത്ഥ്യമായതോടെ ആദിവാസി ഉൗരുകളിലെ ജനങ്ങളും സന്തോഷത്തിലാണ്. അസുഖം വന്നാലോ അത്യാഹിതം സംഭവിച്ചാലോ ആശുപത്രിയിലെത്തണമെങ്കിൽ നെയ്യാർ ഡാമിലൂടെയുള്ള വള്ളം മാത്രമായിരുന്നു ആശ്രയം. ഇനി അതൊന്നും വേണ്ടല്ലോ എന്ന ആശ്വാസത്തിലാണ് 11 സെറ്റിൽമെന്റുകളിലായി കഴിയുന്ന ആദിവാസികൾ.
തിരുവനന്തപുരത്തു നിന്ന് നെയ്യാറ്റിൻകര - വെള്ളറട - കുമ്പിച്ചൽകടവ്.
കാട്ടാക്കട - അമ്പൂരി - കുമ്പിച്ചൽകടവ്