ഇറാൻ സംഘർഷം: യു.എസ് യുദ്ധക്കപ്പലുകൾ വീണ്ടും മിഡിൽ ഈസ്‌റ്റിലേക്ക്  വിമാനവാഹിനി തയ്യാർ, ട്രംപ് ഉത്തരവിട്ടാൽ ഉടൻ പുറപ്പെടും

Friday 13 February 2026 7:02 AM IST

വാഷിംഗ്ടൺ: ഇറാനുമായി സംഘർഷം തുടരുന്നതിനിടെ മിഡിൽ ഈസ്റ്റിലേക്ക് മറ്റൊരു വിമാനവാഹിനി കപ്പലിനെ കൂടി വിന്യസിക്കാൻ യു.എസ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. യു.എസ്.എസ് ജോർജ് എച്ച്.ബ്ല്യു ബുഷ് വിമാനവാഹിനിയുടെ നേതൃത്വത്തിലെ നാവിക സന്നാഹം സർവ്വസജ്ജമാണ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവുണ്ടായാൽ ഉടൻ മിഡിൽ ഈസ്റ്റിലേക്ക് പുറപ്പെടുമെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇറാനുമായി ആണവ ചർച്ച തുടരുന്ന സാഹചര്യത്തിൽ സമ്മർദ്ദം ശക്തമാക്കാനാണ് യു.എസിന്റെ നീക്കം. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെ നിയന്ത്രിക്കണമെന്നടക്കം യു.എസ് ആവശ്യപ്പെടുന്നുണ്ട്. ഉപരോധങ്ങൾ നീക്കുമെങ്കിൽ ആണവ പദ്ധതിയെ പരിമിതപ്പെടുത്താനുള്ള കരാറിന് ഇറാൻ തയ്യാറാണ്. എന്നാൽ ആണവ പദ്ധതി പൂർണമായും ഉപേക്ഷിക്കില്ലെന്നും മിസൈൽ ശേഷി അടക്കം രാജ്യത്തിന്റെ പ്രതിരോധ വിഷയങ്ങളിൽ ആരും ഇടപെടേണ്ട എന്നുമാണ് ഇറാൻ ആവർത്തിക്കുന്നത്. 80ഓളം യുദ്ധവിമാനങ്ങളെ വഹിക്കാൻ ശേഷിയുള്ള ജോർജ് എച്ച്.ബ്ല്യു ബുഷിനൊപ്പം ടോമഹോക്ക് ക്രൂസ് മിസൈലുകൾ ഘടിപ്പിച്ച അകമ്പടി കപ്പലുകളും ഉണ്ടാകും. നിലവിൽ,​ യു.എസ്.എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിയുടെ നേതൃത്വത്തിലെ യു.എസ് നാവിക വ്യൂഹം ഇറാനിലേക്ക് ഏതുനിമിഷവും വ്യോമാക്രമണം നടത്താൻ സജ്ജമായി അറബിക്കടലിൽ തുടരുകയാണ്.

 ചർച്ച തുടരും

ഇറാനുമായി ആണവ ചർച്ച തുടരുമെന്ന് ട്രംപ് പറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വൈറ്റ് ഹൗസിൽ കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയ്ക്കിടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അതേ സമയം, നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടാൽ ഇറാന് ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ട്രംപ് ആവർത്തിച്ചു.