ബംഗ്ലാദേശിൽ ബിഎൻപിക്ക് മിന്നുംവിജയം; താരിഖ് റഹ്മാൻ അടുത്ത പ്രധാനമന്ത്രിയായേക്കും
ധാക്ക: ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് (ബിഎൻപി) വിജയം. 300 അംഗ പാർലമെന്റിൽ ബിഎൻപി സഖ്യം 209 സീറ്റുകൾ നേടി വിജയിച്ചതായി ജമുന ടിവി റിപ്പോർട്ട് ചെയ്യുന്നു. അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ പ്രധാനമന്ത്രിയാകുമെന്നാണ് സൂചന. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന വൻ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്നാണ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടേണ്ടി വന്നത്. പിന്നീട് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് രാജ്യം ഭരിച്ചത്.
ഇന്നലെ പ്രാദേശിക സമയം രാവിലെ ഏഴര മുതൽ വൈകിട്ട് നാലരവരെയാണ് വോട്ടെടുപ്പ് നടന്നത്. രാത്രിയോടെ വോട്ടെണ്ണൽ ആരംഭിച്ചു. വോട്ടെടുപ്പിനൊപ്പം ഭരണഘടനാ പരിഷ്കാരങ്ങളടക്കം ഉറപ്പാക്കുന്ന ‘ജൂലായ് ചാർട്ടർ’ നടപ്പാക്കണോയെന്ന കാര്യത്തിൽ ഹിതപരിശോധനയും നടത്തി. ആകെ 12.7 കോടി വോട്ടർമാരിൽ 44 ശതമാനവും 18നും 37നും ഇടയിൽ പ്രായമുള്ളവരാണ്. ഹസീനയുടെ ഭരണകാലത്ത് വോട്ട് ചെയ്യാൻ കഴിയാതിരുന്ന പലരും ഇത്തവണ ആദ്യമായിട്ടാണ് വോട്ട് രേഖപ്പെടുത്തിയത്. ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റ് ഇപ്പോഴും പ്രവർത്തനരഹിതമായി തുടരുകയാണ്. നിരവധി മണ്ഡലങ്ങളിലെ ഫലപ്രഖ്യാപനം തിരഞ്ഞെടുപ്പ് കമ്മീഷൻ മനഃപൂർവ്വം വൈകിപ്പിക്കുകയാണെന്ന് ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി ആരോപിച്ചു.
അതേസമയം, വോട്ടർമാരെ മതവും പണവും ഉയർത്തിക്കാട്ടി സ്വാധീനിക്കാൻ ജമാഅത്തെ ഇസ്ലാമി നേതാവ് ഷെഫീഖുർ റഹ്‌മാൻ ശ്രമിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാർട്ടിക്കുവേണ്ടി വോട്ട് ചെയ്യുന്നവർക്ക് 15,000 ടാക്ക സമ്മാനം നൽകുമെന്ന് പറയുന്ന ലഘുലേഖകൾ ജമാഅത്തെ ഇസ്ലാമിയും സഖ്യകക്ഷികളും രാജ്യത്തുടനീളം പ്രചരിപ്പിച്ചതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. മതപരമായ പരാമർശങ്ങളും ലഘുലേഖയിലുണ്ട്.