അമിതവേഗത്തിലെത്തിയ കാർ ബൈക്കിലും ചരക്കുലോറിയിലും ഇടിച്ച് അപകടം, ഏഴുപേർക്ക് ദാരുണാന്ത്യം
Friday 13 February 2026 9:52 AM IST
ബംഗളൂരു: കർണാടകയിലെ ഹോസ്‌കോട്ടെയിൽ കാർ ബൈക്കിലും ചരക്കുലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർ മരിച്ചു. കാർ യാത്രികരായ ആറുപേരും ബൈക്ക് യാത്രികനുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഹോസ്‌കോട്ടെ-ദാബസ്‌പേട്ട് ദേശീയപാതയിലെ എം സത്യവാര ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. അമിതവേഗത്തിലെത്തിയ കാർ ആദ്യം ബൈക്കിനെ ഇടിക്കുകയും തുടർന്ന് ചരക്കുലോറിയിൽ ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ചരക്കുലോറി തലകീഴായി മറിഞ്ഞു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ഉന്നതഉദ്യോഗസ്ഥർ അപകട സ്ഥലം സന്ദർശിച്ചു. മരിച്ചവർ കോലാർ ജില്ലയിൽ നിന്നുള്ളവരാണെന്നാണ് പ്രാഥമിക വിവരം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഹോസ്‌കോട്ടെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.