ഇനി പ്രസവം ബഹിരാകാശത്താക്കിയാലോ? ആശയ്ക്ക് വകയുണ്ടോയെന്ന് വെളിപ്പെടുത്തി ശാസ്ത്രജ്ഞർ

Friday 13 February 2026 11:43 AM IST
എഐ ചിത്രം

ഇപ്പോൾ ജോലി കഴിഞ്ഞ് സ്വന്തം വീട്ടിൽ പോകുന്നതുപോലെ ഒരുകാലത്ത് ബഹിരാകാശത്തെ ഓഫീസുകളിലെ ജോലികഴിഞ്ഞ് വീട്ടിലേക്കുമടങ്ങുന്ന കാര്യത്തെക്കുറിച്ച് നിങ്ങൾ ഒരുതവണയെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്ടോ? കേൾക്കുമ്പോൾ ഒരു സയൻസ് ഫിക്ഷൻ സിനിമപോലെ തോന്നാമെങ്കിലും ഇത് ഭാവിയിൽ സംഭവിച്ചേക്കാമെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന സൂചന. ചന്ദ്രനിൽ ഹോട്ടലുകൾ ആരംഭിക്കുമെന്നും മനുഷ്യർക്ക് പട്ടണമൊരുക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ബഹിരാകാശത്തെ ചില വെല്ലുവിളികളെക്കുറിച്ച് ശാസ്ത്രലോകം ചർച്ച ചെയ്യുന്നത്.

അതുപോലെ ബഹിരാകാശത്ത് താമസിക്കുമ്പോൾ മനുഷ്യരാശി നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയെക്കുറിച്ചും ശാസ്ത്രലോകം വെളിപ്പെടുത്തുകയാണ്. ബഹിരാകാശത്ത് കുഞ്ഞിന് ജന്മം നൽകാൻ സാധിക്കുമോയെന്നാണ് ചോദ്യം. ഇക്കാര്യത്തിൽ ഗൗരവകരമായ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഒരു അന്താരാഷ്ട്ര പഠന റിപ്പോർട്ട്. ബഹിരാകാശത്തെ അതിശക്തമായ റേഡിയേഷനും ഗുരുത്വാകർഷണം ഇല്ലാത്ത അവസ്ഥയും മനുഷ്യന്റെ പ്രത്യുൽപാദന ശേഷിയെ എങ്ങനെ ബാധിക്കുമെന്നത് ഇപ്പോഴും വലിയൊരു ചോദ്യചിഹ്നമാണ്.

എഐ ചിത്രം

മൃഗങ്ങളിൽ നടത്തിയ പഠനങ്ങൾ പ്രകാരം, കുറഞ്ഞ സമയം റേഡിയേഷൻ ഏറ്റാൽ പോലും ആർത്തവ ചക്രത്തിൽ മാറ്റങ്ങൾ വരാനും ക്യാൻസർ സാദ്ധ്യത കൂടാനും ഇടയുണ്ട്. പുരുഷന്മാരുടെ പ്രത്യുൽപാദന ശേഷിയെ ഇത് എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. നിലവിൽ ബഹിരാകാശ യാത്രയ്ക്ക് പോകുന്നവർ ഗർഭിണികളാകാൻ പാടില്ലയെന്ന കർശന നിർദേശമുണ്ട്. എന്നാൽ ഭാവിയിൽ ബഹിരാകാശത്ത് മനുഷ്യർ സ്ഥിരതാമസമാക്കുന്നതോടെ ഗർഭധാരണത്തിനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഭൂമിയിൽ പ്രചാരത്തിലുള്ള കൃത്രിമബീജസങ്കലനം (ഐവിഎഫ്),ബീജങ്ങളും അണ്ഡങ്ങളും ശീതീകരിച്ച് സൂക്ഷിക്കുന്ന രീതി തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ബഹിരാകാശത്തും പരീക്ഷിക്കാവുന്നതാണ്. എന്നാൽ ഇതിന് കൃത്യമായ അന്താരാഷ്ട്ര നിയമങ്ങളോ സുരക്ഷാ മാനദണ്ഡങ്ങളോ നിലവിൽ ഇല്ലെന്നതാണ് പ്രധാന പ്രശ്നം.

ബഹിരാകാശ യാത്രയ്ക്കിടെ ഒരാൾക്ക് വന്ധ്യത സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും? ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ജനിതക സുരക്ഷ എങ്ങനെ ഉറപ്പാക്കും? ഇത്തരം ധാർമ്മികവും നിയമപരവുമായ നിരവധി പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനുണ്ട്. നാസയിലെ വിദഗ്ധർ ഉൾപ്പെടെ പറയുന്നത്, ബഹിരാകാശത്തെ പ്രത്യുൽപ്പാദന ആരോഗ്യത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തണമെന്നാണ്. ഭൂമിക്ക് പുറത്ത് മനുഷ്യവംശം നിലനിൽക്കണമെങ്കിൽ ഇത്തരം കാര്യങ്ങളിൽ കൃത്യമായ നയരൂപീകരണം ഇന്നേ തുടങ്ങേണ്ടതുണ്ട്.

ബഹിരാകാശത്ത് പ്രത്യുൽപാദനം തടസമാകാൻ കാരണമായ ചില ഘടകങ്ങളെക്കുറിച്ചും ശാസ്ത്രജ്ഞർ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. മൈക്രോഗ്രാവിറ്റി,​ കോസ്‌മിക് റേഡിയേഷൻ,​ ശരീരത്തിന്റെ ബയോളജിക്കൽ ക്ലോക്കിലുണ്ടാകുന്ന മാറ്റങ്ങൾ എന്നീ ഘടകങ്ങളാണ് ബഹിരാകാശത്തെ പ്രത്യുൽപാദനം തടസപ്പെടുത്തുന്നത്.

നമ്മൾ ചന്ദ്രനിലോ ചൊവ്വയിലോ സ്ഥിരതാമസം നടത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വംശപരമ്പര നിലനിൽക്കാൻ ഗർഭധാരണവും പ്രസവവും അനിവാര്യമാണ്. ഇതിനായി ഒരു സ്‌പെയ്‌സ് ഹെൽത്ത് പോളിസി ഉടൻ വേണമെന്നാണ് ശാസ്ത്രലോകത്തിന്റെ ആവശ്യം.

എഐ ചിത്രം

ആശങ്ക: ബഹിരാകാശ റേഡിയേഷൻ സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതയ്ക്ക് കാരണമായേക്കാം.

സാങ്കേതികവിദ്യ: ഐവിഎഫ് പോലുള്ള സംവിധാനങ്ങൾ ബഹിരാകാശത്ത് പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്ന് ക്ലിനിക്കൽ എമ്പ്രിയോളജിസ്റ്റായ ഗൈൽസ് പാമർ നിരീക്ഷിക്കുന്നു.

കോസ്‌മിക് റേഡിയേഷൻ: ഭൂമിയുടെ കാന്തികവലയത്തിന് പുറത്തുള്ള അതിശക്തമായ വികിരണങ്ങൾ ഡിഎൻഎ ഘടനയെ നശിപ്പിക്കാൻ ശേഷിയുള്ളവയാണ്. ഇത് അണ്ഡങ്ങളുടെയും ബീജങ്ങളുടെയും ഗുണനിലവാരത്തെ ബാധിക്കുകയും വന്ധ്യതയ്ക്കോ വൈകല്യമുള്ള കുട്ടികൾ ജനിക്കാനോ കാരണമായേക്കാം.

ഭാരമില്ലായ്‌മ (മൈക്രോഗ്രാവിറ്റി ): ദീർഘകാലം ഭാരമില്ലാത്ത അവസ്ഥയിൽ കഴിയുന്നത് ശരീരത്തിലെ ദ്രാവകങ്ങളുടെ വിന്യാസത്തെയും ഹോർമോൺ നിലയെയും ബാധിക്കും. ഇത് ഗർഭസ്ഥ ശിശുവിന്റെ അസ്ഥികളുടെയും പേശികളുടെയും വികാസത്തെ എങ്ങനെ ബാധിക്കുമെന്നതിൽ കൃത്യമായ വിവരങ്ങൾ ഇപ്പോഴുമില്ല.