ടാറ്റ കാറുകൾ ഇഷ്‌ടപ്പെടുന്നവർക്ക് അത്ര പ്രിയമുള്ള വാർത്തയല്ല, വിവരം പുറത്തുവിട്ട് വാഹന‌കമ്പനി

Friday 13 February 2026 12:53 PM IST

മുംബയ്: ഇന്ത്യയുടെ സ്വന്തം വാഹനനിർമ്മാതാക്കളിൽ ഏറ്റവുമധികം കാർ വിൽപന നടത്തുന്നത് ടാറ്റയും മഹീന്ദ്രയുമാണ്. മാരുതിയും ഹ്യുണ്ടായിയും ഒന്നും അത്ര പിന്നിലല്ല. എന്നാൽ മികച്ച സുരക്ഷയും സൗകര്യങ്ങളും നിരവധിപേരെ ടാറ്റയുടെ ആരാധകരാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ടാറ്റ കാർ വാങ്ങാനിരിക്കുന്നവർ അറിയേണ്ട ഒരു പ്രധാന കാര്യമുണ്ട്. തങ്ങളുടെ കാറുകളുടെ വില വർദ്ധിപ്പിക്കാൻ പോകുകയാണെന്ന് ടാറ്റാ മോട്ടോർസ് മാനേജിംഗ് ഡയറക്‌ടറും സിഇഒയുമായ ശൈലേഷ് ചന്ദ്ര അറിയിച്ചു.

കാറിന്റെ നിർമ്മാണത്തിനാവശ്യമായ വസ്‌‌തുക്കളുടെ വില ഉയർന്നതോടെയാണ് ഈ തീരുമാനമെന്ന് ശൈലേഷ് ചന്ദ്ര വ്യക്തമാക്കി. 'അമൂല്യമായ ലോഹങ്ങളുടെയും ചെമ്പടക്കം ഉള്ളവയുടെയും വിലവ‌ർദ്ധന നി‌ർമാണച്ചെലവിൽ വലിയ വർദ്ധനയുണ്ടാക്കി. വാഹനങ്ങളുടെ വിലവർദ്ധിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കളിലേക്ക് അതിലൊരുഭാഗം കൈമാറാൻ ഞങ്ങൾ നിർബന്ധിതരാകുകയാണ്. വരും ആഴ്‌ചകളിൽ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും.' ശൈലേഷ് ചന്ദ്ര പ്രസ്‌താവനയിൽ അറിയിച്ചു.

രാജ്യത്തെ മുഖ്യവാഹന നിർമ്മാതാക്കളായ മാരുതി സുസുകിയും വാഹനങ്ങൾക്ക് വില വർദ്ധിപ്പിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. വാഹന നിർമ്മാണ അസംസ്‌കൃത വസ്‌തുക്കളുടെ വില വർദ്ധിച്ചുവരുന്നതിനാൽ വില കൂട്ടുന്നതിനെക്കുറിച്ച് കമ്പനി ആലോചിക്കുന്നു എന്നാണ് സൂചനകൾ.