തിഹാർ ജയിലിൽനിന്നിറങ്ങി , ഒക്ടോബർ 24 വരെ ചിദംബരം ഇ.ഡി കസ്‌റ്റഡിയിൽ
ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്‌റ്റിലായ മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തെ ഈ മാസം 24വരെ എൻഫോഴ്സ്മെന്റ് കസ്‌റ്റഡിയിൽ വിട്ടു. ഡൽഹി റോസ് അവന്യൂ പ്രത്യേക സി.ബി. ഐ കോടതിയുടെതാണ് ഉത്തരവ്. സി.ബി.ഐ രജിസ്‌റ്റർ ചെയ്‌ത കേസിൽ തിഹാർ ജയിലിലായിരുന്ന ചിദംബരത്തെ ബുധനാഴ്‌ചയാണ് ഇ.ഡി ഉദ്യോഗസ്ഥർ അറസ്‌റ്റു ചെയ്‌തത്. സി.ബി.ഐ റിമാൻഡ് കാലാവധിയും 24 വരെ നീട്ടി.
ചിദംബരത്തിനെതിരെ കൂടുതൽ തെളിവ് ലഭിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനായി 14 ദിവസത്തെ കസ്‌റ്റഡി വേണമെന്നുമാണ് ഇ.ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റർ തുഷാർ മെഹ്‌ത്ത ആവശ്യപ്പെട്ടത്. ഇ.ഡിയുടെ കൈവശമുള്ളത് സി.ബി.ഐ ശേഖരിച്ചതിൽ നിന്ന് വ്യത്യസ്തമായ തെളിവുകളാണെന്നും അദ്ദേഹം വാദിച്ചു. ഒരേ കേസിൽ രണ്ട് ഏജൻസികൾ കസ്‌റ്റഡിയിൽ ആവശ്യപ്പെടുന്നതിനെ ചിദംബരത്തിന്റെ അഭിഭാഷകൻ കപിൽ സിബൽ ചോദ്യം ചെയ്‌തിരുന്നു. 14 ദിവസത്തെ കസ്‌റ്റഡിയിൽ വിടണമെന്ന ആവശ്യവും അദ്ദേഹം എതിർത്തു. നേരത്തെ ചിദംബരം ഇ.ഡിക്കു മുന്നിൽ ഹാജരാകാൻ സന്നദ്ധനായപ്പോൾ തയ്യാറാകാതിരുന്ന ഏജൻസി ഇപ്പോൾ ആവശ്യപ്പെടുന്നതിനെ സിബൽ ചോദ്യം ചെയ്‌തു. മറ്റു സാക്ഷികളെ വിസ്‌തരിക്കാനുണ്ടായിരുന്നു എന്ന മറുപടിയാണ് ഇതിന് തുഷാർ മെഹ്‌ത നൽകിയത്.
ഇ.ഡി കസ്‌റ്റഡിയിൽ വിടാൻ കോടതി തീരുമാനിച്ച സമയത്ത് ചിദംബരത്തെ സി.ബി.ഐ ആസ്ഥാനത്ത് എ.സി. മുറിയിൽ പാർപ്പിക്കണമെന്നും വീട്ടിൽ നിന്നുള്ള ഭക്ഷണം, മരുന്ന്, കണ്ണട, കുടുംബത്തെ കാണാനുള്ള അനുമതി, എന്നിവ അനുവദിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു. എ.സി മുറി ഒഴികെയുള്ള ആവശ്യങ്ങളോട് ഇ. ഡി അഭിഭാഷകൻ യോജിച്ചു. പ്രതിക്ക് എ.സി മുറി നൽകുന്ന കീഴ്‌വഴക്കമില്ലെന്ന് ഇ.ഡി ബോധിപ്പിച്ചു.