ചുട്ടുപൊള്ളി സംസ്ഥാനം

Saturday 14 February 2026 12:11 AM IST

സംസ്ഥാനത്ത് വേനൽച്ചൂട് തീവ്രമാവുകയാണ്. സംസ്ഥാനത്ത് പല ജില്ലകളിലും അനുഭവപ്പെടുന്നത് കടും വേനലിന് സമാനമായ ചൂടാണ്. വരും ദിവസങ്ങളിലും ചൂട് വർദ്ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. മിക്ക ജില്ലകളിലും താപനില സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാദ്ധ്യതയുണ്ട്. വായുവിലെ ഉയർന്ന ഈർപ്പമാണ് ചൂട് കഠിനമാകാൻ കാരണമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. ഉയർന്ന ഈർപ്പം ചൂട് യഥാർത്ഥ താപനിലയെക്കാൾ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരിക്കാൻ കാരണമാകുന്നു.

സമുദ്രജലത്തിലെ താപനില ഉയർത്തുന്ന 'എൽ നിനോ" പ്രതിഭാസമാണ് കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വരണ്ട കാലാവസ്ഥയ്ക്ക് കാരണം. കടൽക്കാറ്റിന്റെ ശക്തി കുറഞ്ഞത് തീരദേശ മേഖലകളിലും കനത്ത ചൂട് അനുഭവപ്പെടാൻ കാരണമായിട്ടുണ്ട്.

ഉയർന്ന ചൂട് ജനങ്ങളുടെ ആരോഗ്യത്തെയും സാരമായി ബാധിക്കാം. ഈ സമയത്തുണ്ടാകുന്ന ചെറിയ ആരോഗ്യ പ്രശ്നങ്ങൾ പോലും അവഗണിക്കരുത്. ഇതിനൊപ്പം കുട്ടികളുടെ പരീക്ഷാക്കാലം കൂടി എത്താറായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ എടുക്കേണ്ടതും അനിവാര്യമാണ്. മനുഷ്യശരീരത്തിന്റെ താപനില 37 ഡിഗ്രിയായി ക്രമീകരിക്കുവാൻ ശരീരത്തിൽ സംവിധാനങ്ങൾ ഉണ്ട്. ഒരു പരിധിയിൽ കൂടുതൽ താപനില ഉയർന്നാൽ ഈ സംവിധാനം തകരാറിലാവും. പല രീതിയിലാണ് ഇത് ശരീരത്തെ ബാധിക്കുന്നത്. ഇതിനെയാണ് സൂര്യാഘാതം എന്നു പറയുന്നത്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും നിർജലീകരണം ഉൾപ്പെടെയുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണെമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം. രാവിലെ 10 മുതൽ മൂന്ന് വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.

മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന അൾട്രാവയലറ്റ് സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും.

ചിക്കൻപോക്സ്, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, ചെങ്കണ്ണ്, ചൂടുകുരു, ഭക്ഷ്യവിഷബാധ തുടങ്ങിയവയെല്ലാം ചൂടുകാലത്ത് കൂടുതലായി ബാധിക്കാം.

കരുതിയിരിക്കാം

പൊലീസ്, അഗ്നിരക്ഷാ സേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പകൽ സമയത്തെ പരേഡും ഡ്രില്ലും ഒഴിവാക്കണം. തീപിടിത്ത സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ ഫയർ ഓഡിറ്റ് നടത്തി മുൻകരുതലെടുക്കണം. ലയങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ശുദ്ധജലം ഉറപ്പാക്കണം. കലാകായിക പരിപാടികൾ പകൽ 11 മുതൽ മൂന്ന് വരെ നടത്തരുത്. ആസ്ബസ്റ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കൂരയായുള്ള തൊഴിലിടങ്ങൾ എന്നിവ പകൽ സമയം അടച്ചിടണം. ഇത്തരം വീടുകളിൽ താമസിക്കുന്ന അതിഥിത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റണം. പരമാവധി ശുദ്ധജലം കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കുക. പരമാവധി കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പൊതുപരിപാടികളും സമ്മേളനങ്ങളും നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. നിർമ്മാണത്തൊഴിലാളികളും കർഷകത്തൊഴിലാളികളും വഴിയോരക്കച്ചവടക്കാരും കാഠിന്യമുള്ള മറ്റു ജോലികളിൽ ഏർപ്പെടുന്നവരും ജോലി സമയം ക്രമീകരിക്കുക. ജോലിക്കിടെ ആവശ്യമായ വിശ്രമം ഉറപ്പുവരുത്തുക.

ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റ് വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക, കുട്ടികളെയോ വളർത്തു മൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല. മഴവെള്ളം ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക, അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക, കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

വിദ്യാർത്ഥികൾക്ക് കരുതലേകാം

ഉയർന്ന ചൂട് കണക്കിലെടുത്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികൾക്കു ശുദ്ധമായ കുടിവെള്ളവും ക്ലാസ്മുറികളിൽ വായുസഞ്ചാരവും ഉറപ്പാക്കണം. കൂടുതൽ വെയിലേൽക്കാൻ ഇടയാക്കുന്ന അസംബ്ലികളും മറ്റു പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദയാത്രകൾക്കു കൊണ്ടുപോകുമ്പോൾ രാവിലെ 11 മുതൽ മൂന്ന് വരെ നേരിട്ട് ചൂട് ഏൽക്കുന്നില്ലെന്ന് ഉറപ്പാക്കണം. അങ്കണവാടികളിലും മുൻകരുതൽ നടപടികൾ സ്വീകരിക്കണം.