കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാന്റീൻ പൂട്ടി,​ വിശന്ന് വലഞ്ഞാൽ സഹിക്കുക തന്നെ!

Saturday 14 February 2026 1:13 AM IST

പൊൻകുന്നം: കാന്റീൻ... ആ ബോർഡ് ഇപ്പോഴും അവിടെതന്നെയുണ്ട്. പക്ഷേ വിശന്ന് വലഞ്ഞെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഒരുപറ്റ് ചോറും തുള്ളി വെള്ളവും പ്രതീക്ഷിക്കേണ്ട. കഴിഞ്ഞ ഒരാഴ്ചയായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാന്റീൻ പൂട്ടുവീണ നിലയിലാണ്. എന്ന് തുറക്കുമെന്ന കാര്യത്തിൽ ആർക്കും ഉത്തരമില്ല. ഉയർന്ന ലേല തുക കാരണം കരാറെടുക്കാൻ ആരും മുന്നോട്ട് വരാത്തതാണ് പ്രതിസന്ധിക്ക് കാരണം. ലേലംവിളിയിൽ പ്രതിമാസം രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുന്നതായും പറയുന്നു.

കാന്റീൻ പൂട്ടിയതോടെ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടുകയാണ്. പ്രത്യേകിച്ച് ഹൈറേഞ്ച് പ്രദേശങ്ങളിൽ നിന്ന് എത്തുന്നവർക്കാണ് ഇരട്ടിദുരിതം. വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തി.

ആംബുലൻസ് സേവനവും നിലച്ചു

ജനറൽ ആശുപത്രിയിലെ ആംബുലൻസ് സേവനം നിലച്ചതും ദുരിതമായി. രാത്രി സമയങ്ങളിൽ രോഗികളെ മാറ്റുന്നതിനുള്ള സൗകര്യം ഇല്ലാത്തത് അടിയന്തരസാഹചര്യങ്ങളിൽ ആശങ്കയ്ക്കിടയാക്കുന്നു. നിലവിലുണ്ടായിരുന്ന ഡ്രൈവർമാരെ പിരിച്ചുവിട്ടെന്നാണ് ആശുപത്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. ആരോഗൃ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.

നടപടിയില്ലേൽ സമരം

അധികാരികൾ അടിയന്തരമായി ഇടപെട്ട് അടിയന്തരനടപടി സ്വീകരിച്ചില്ലെങ്കിൽ സമരം ആരംഭിക്കാനാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകളുടെ നീക്കം.