നാളെ ശിവരാത്രി, അരുവിപ്പുറത്തെ പരിമളഭാരതി
ശ്രീനാരായണ ഗുരുദേവന്റെ 64 കൃതികളിൽ 100 ശ്ലോകങ്ങൾ ഉള്ള രണ്ടു കൃതികളിലൊന്നാണ്, ഗുരു അരുവിപ്പുറം പ്രതിഷ്ഠയ്ക്കു ശേഷം അരുവിപ്പുറത്തുവച്ച് രചിച്ച 'ശിവശതകം." അതിൽ ഗുരു പറയുകയാണ്, 'പരിമള ഭാരതി, കാത്തുകൊൾക നിത്യം" എന്ന്. ആരെയാണ് കാക്കേണ്ടത്? എന്തിനാണ് കാക്കേണ്ടത്? സ്വയം കാക്കാൻ ശക്തിയില്ലാത്തവരെ കാക്കേണ്ടത് ശക്തിയുള്ളവരാകണമല്ലോ! അപ്രകാരം ശക്തിയുള്ളവർ ആരാണ്? അങ്ങനെ ആരെങ്കിലുമുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ കണ്ടുപിടിച്ച് നമുക്ക് ആശ്രയിക്കാം?
138 വർഷത്തിനു മുമ്പ് സാമാന്യ ജനത്തിനുണ്ടായിരുന്ന ബൗദ്ധികമായ വികാസവും മാനസിക ഔന്നത്യവും എന്തായിരുന്നുവെന്ന് മനസിലാക്കിയാലേ ഇന്നത്തെ സാമാന്യജനത്തിന്റെ അവസ്ഥ മനസിലാക്കാനാവൂ. ഒരു ജീവിക്ക് മൂന്നു ഗുണങ്ങളാണ് പ്രധാനമായും ഉള്ളത്. തമസ്, രജസ്, സത്വം എന്നിവയാണ് അവ. മനുഷ്യനിൽ ഇവ വ്യക്തമായി കാണുവാൻ സാധിക്കും. അവന്റെ ചിന്തയിലും പ്രവൃത്തിയിലും ഇത് വ്യക്തമായിരിക്കും. ഇതിൽ സത്വ ഗുണമുള്ളവർ വളരെ കുറവായിരിക്കും. ഏറ്റവും കൂടുതൽ ഉള്ളത് തമോഗുണികൾ ആയിരിക്കും. ഇവർക്ക് സ്വന്തമായി കാര്യങ്ങൾ വിവേചിച്ചറിയാനുള്ള കഴിവ് വളരെ കുറവായിരിക്കും. ഇവരെ ഉപയോഗിച്ചാണ് മതങ്ങളും രാഷ്ട്രീയക്കാരും ഭരണാധികാരികളും നിലനിൽക്കുന്നത്.
സ്വാർത്ഥമതികളായ ഇത്തരം വ്യക്തികൾ ജനസാമാന്യത്തിലേക്ക് വിദ്വേഷവും അടിമ മനോഭാവവും കുത്തിവയ്ക്കുകയും, അവരെ ഉപയോഗിച്ച് ഇവർ തടിച്ചു കൊഴുക്കുകയും ചെയ്യുന്നത് നിഷ്പക്ഷബുദ്ധികൾക്ക് കാണാവുന്നതാണ്. ദൈവത്തിന്റെ പേരിലാണ് ഏറ്റവും കൂടുതൽ ആളുകൾ വഞ്ചിക്കപ്പെടുന്നത്. മനുഷ്യനിൽ നിലനിൽക്കുന്ന ഭയമാണ് അതിനു കാരണം. രാഷ്ട്രീയ നേതൃത്വങ്ങൾ ചെയ്യുന്നതും ഇതുതന്നെയാണ്. ഏതു രീതിയിൽ നാം ചിന്തിക്കുമ്പോഴും, എല്ലാവരെയും എപ്പോഴും ഏതെങ്കിലും രീതിയിൽ ഭയപ്പെടുത്തിക്കൊണ്ടിരിക്കുക എന്നത് ഒരു പൊതുസ്വഭാവമായി കാണാവുന്നതാണ്.
ഇവിടെയാണ് ഗുരുവിന്റെ നിഷ്പക്ഷവും, എന്നാൽ അതിധീരവുമായ ചിന്തയും പ്രവൃത്തിയും നാം കാണുന്നത്. ഗുരുവിന്റെ ഈ നവമായ രീതി പിന്തുടർന്നാൽ സോദരത്വേന നമുക്ക് ഈ ധരണിയിൽ സുഖമായി, ശാന്തരായി ജീവിക്കാം. 'ഉണരരുത് ഇനി ഉറങ്ങിടാതെ ഇരിക്കണം അറിവായി" എന്ന് ഗുരു 'ആത്മോപദേശ ശതക"ത്തിൽ ധീരമായി ഉദ്ഘോഷിക്കുമ്പോൾ, ആ ധീരവാണി ഉൾക്കൊള്ളാൻ പര്യാപ്തമായ ഹൃദയമോ ബുദ്ധിയോ മനസോ നമുക്കുണ്ടോയെന്ന് ഉള്ളിലേക്കു തിരിഞ്ഞ് തിരിച്ചറിയണം. അതിന്, ഞാനെന്ന ഭാവവും സ്വാർത്ഥതയും ഇല്ലാതാക്കി, ലാളിത്യവും വിശാലമനസും പഞ്ചശുദ്ധിയും സ്വായത്തമാക്കി, കൃതകൃത്യതയോടെ ഈ ശരീരം വിട്ടുപോകുവാൻ ഇടയാകണം. ഈ അവസ്ഥയിൽ എത്തിച്ചേരുവാൻ പരിമള ഭാരതി കാത്തുകൊള്ളണമെന്ന് പ്രാർത്ഥിക്കുകയാണ് ഗുരു.
ഗുരുദേവൻ അരുവിപ്പുറത്ത് 138 വർഷങ്ങൾക്കു മുമ്പ് ശിവകരമായ ശിവപ്രതിഷ്ഠ നടത്തുമ്പോൾ അത് മാനവരാശിക്ക് ഒരു പുത്തൻ ദിശാബോധം നൽകുന്നതായിരുന്നു. അതായത്, ഒരു പ്രത്യേക രീതിയിൽ ചിന്തിച്ച്, ജീവിച്ചുകൊണ്ടിരുന്ന മനുഷ്യരെ അതിന്റെയപ്പുറത്ത് പരിമളവും പ്രകാശവും പരത്തുന്ന ഒരു ലോകമുണ്ടെന്നും, അത് ഏവർക്കും അനുഭവിക്കാൻ സാധിക്കുമെന്നും, അങ്ങനെ സോദരത്വേന വാഴുന്ന ഒരു മാതൃകാസ്ഥാനമായി ഈ ധരിത്രിയെ മാറ്റാനാകുമെന്നും ഗുരു കാട്ടിത്തന്നു. നമ്മിൽ ജന്മജന്മാന്തരമായി കുടികൊള്ളുന്ന വാസനകളെ, തമോഗുണത്തെയും രജോഗുണത്തെയും അതിവർത്തിച്ച് മുന്നേറുവാൻ നമുക്ക് പ്രാപ്തിയുണ്ടാകണം. അതിനുള്ള വേദിയുണ്ടാകണം.
അരുവിപ്പുറത്തെ
ശാന്തി ഹോമം
ഗുരുദേവൻ 100 വർഷങ്ങൾക്കു മുമ്പ് രചിച്ച അതിദിവ്യവും അതിഗഹനവുമായ ഒരു മന്ത്രമാണ് ഹോമ മന്ത്രം. മറ്റ് ദേവതാ മന്ത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ അർത്ഥതലങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണത്. ഒറ്റ മന്ത്രത്തിൽത്തന്നെ ഭൗതികമായ പുരോഗതിക്കും ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ഉദ്ദിഷ്ടകാര്യ സിദ്ധിക്കും അതോടൊപ്പം മനുഷ്യന്റെ ആത്യന്തികമായ സംസാര ദുഃഖനിവർത്തിക്കും ഉതകുന്ന രീതിയിലാണ് ആ മഹാ മന്ത്രത്തിന്റെ രചന. ഈ ഹോമ മന്ത്രം ഉപയോഗിച്ച് 10 ദിവസവും 10,000 സംഖ്യ ജപിച്ച് യജ്ഞം നടത്താറുണ്ട്, അരുവിപ്പുറത്ത്. എല്ലാ ഭക്തജനങ്ങൾക്കും ജിജ്ഞാസുകൾക്കും ഈ പുണ്യകർമ്മത്തിൽ പങ്കെടുക്കുവാനുള്ള അവസരവുമുണ്ട്.
ആയിരം കുടം
അഭിഷേകം
1888-ൽ കുംഭ ശിവരാത്രിയുടെ ബ്രാഹ്മ മുഹൂർത്തത്തിൽ നെയ്യാറിലെ ശങ്കരൻകുഴിയുടെ ആഴങ്ങളിലേക്ക് ഒരു യുവയോഗി മുങ്ങി. മണിക്കൂറുകൾക്കു ശേഷം ശങ്കരൻകുഴിയുടെ അഗാധമായ കയത്തിൽ നിന്നു കണ്ടെടുത്ത ഉത്തമ ലക്ഷണത്തോടുകൂടിയ ശിവലിംഗം നെഞ്ചോടുചേർത്ത് ആ യോഗി മണിക്കൂറുകൾ ധ്യാനത്തിന്റെ അഗാധമായ കയത്തിൽ മുങ്ങി! താൽക്കാലികമായി കെട്ടിയ ചെറിയ പന്തലിനുള്ളിലെ ശിലയിൽ പ്രകാശ സ്വരൂപമായ ജ്യോതിർലിംഗത്തെ പ്രതിഷ്ഠിക്കുമ്പോൾ ആകാശത്തുനിന്ന് മറ്റൊരു ജ്യോതിർഗോളം ഈ ജ്യോതിർലിംഗത്തിൽ ലയിക്കുകയും ചെയ്തു. മാലോകർക്ക്, പ്രത്യേകിച്ച് അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിന് ഗുരു നൽകിയ പ്രകാശലോകത്തേക്കുള്ള ആധാരശിലയായിരുന്നു അത്.
ഇതിന്റെ ഓർമ്മ പുതുക്കാനും ഏവർക്കും ഒത്തുകൂടാനും നദികൾ പരിശുദ്ധമായി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഓർമ്മപ്പെടുത്താനുമായി 10 വർഷം മുൻപ് ആരംഭിച്ച ഒരു പുണ്യ കർമ്മമാണ് അരുവിപ്പുറം ശിവക്ഷേത്രത്തിലെ ആയിരംകുടം അഭിഷേകം. ശിവരാത്രി ദിനത്തിൽ ശങ്കരൻകുഴിയിൽ പൂജ നടത്തിയതിനു ശേഷം 10 ദിവസത്തെ പഞ്ചശുദ്ധി വ്രതം അനുഷ്ഠിച്ച ഭക്തരുടെ കൈകളിലേക്ക് അരുവിപ്പുറം മഠം സെക്രട്ടറി ശങ്കരൻകുഴിയിൽ നിന്ന് നേരിട്ട് എടുക്കുന്ന കലശം പഞ്ചാക്ഷരി മന്ത്രം ജപിച്ച് കൊടുക്കും. ഈ കലശങ്ങൾ ഭക്തർ ഏറ്റുവാങ്ങി, കൈമാറി കൈമാറി ശ്രീകോവിലിലെ ദിവ്യമായ ശിവലിംഗത്തിൽ അഭിഷേകം ചെയ്യുന്ന പരിപാവന കർമ്മം അവസാനിക്കുന്നത് ഗുരു പ്രതിഷ്ഠ നിർവഹിച്ച സമയത്തോടുകൂടിയാണ്.
ഏകദേശം നാലു മണിക്കൂർ സമയം, ആയിരക്കണക്കിന് ഭക്തജനങ്ങൾ ജപിക്കുന്ന പഞ്ചാക്ഷരി മന്ത്രം കോടിക്കണക്കിനാണ്. എല്ലാ ശിവഭക്തർക്കും ഇതൊരു പുണ്യാവസരമാണ്. അവനവന്റെ ദോഷങ്ങൾ മാറുവാനും പാപപരിഹാരത്തിനും പുണ്യ സമ്പാദനത്തിനും ഏറ്റവും ഉത്തമമായ അവസരമായാണ് ഭക്തർ ഇതിനെ കാണുന്നത്. ഇതിന്റെ സൂക്ഷ്മത ഉൾക്കൊണ്ട് ഏവരും ഇതിൽ പങ്കെടുത്ത് ജന്മം കൃതകൃത്യമാക്കുവാൻ പരമഗുരു അനുഗ്രഹിക്കട്ടെ.