നാഗമ്പടം ക്ഷേത്രം പിൽഗ്രിം ടൂറിസം കേന്ദ്രമായി മാറും : മന്ത്രി വാസവൻ

Saturday 14 February 2026 12:14 AM IST

കോട്ടയം : ശിവഗിരി പോലെ നാഗമ്പടം മഹാദേവക്ഷേത്രവും ലക്ഷങ്ങളെത്തുന്ന തീർത്ഥാടന കേന്ദ്രമായി മാറുമെന്നും, പിൽഗ്രിം ടൂറിസം സെന്ററാക്കി മാറ്റുകയെന്ന വിശാലമായ ലക്ഷ്യമാണ് സർക്കാരിനുള്ളതെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. നാഗമ്പടം ക്ഷേത്രത്തെ അന്തർ ദേശീയ തീർത്ഥാടന കേന്ദ്രമായി സർക്കാർ പ്രഖ്യാപിക്കാൻ ഇടപെട്ടതിന് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ നൽകിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദഗ്ദ്ധരുടെ കമ്മിറ്റിയുണ്ടാക്കും. വാസ്തുശാസ്ത്രം അനുസരിച്ചാവും നിർമ്മാണങ്ങൾ. മഹാദേവ ക്ഷേത്രത്തെ ലോകമറിയുന്ന തീർത്ഥാടന കേന്ദ്രമായും ഗുരുദേവന്റെ ധ്യാനകേന്ദ്രമായും ശിവിഗിരി തീർത്ഥാടനത്തിന് തുടക്കം കുറിച്ച പ്രദേശമെന്ന നിലയിലും ചരിത്ര ഏടുകളിൽ സ്ഥാനം പിടിക്കുകയെന്നതാണ് ലക്ഷ്യം. സ്ഥലപരിമിതിയുടെ പ്രശ്നം പരിഹരിക്കാനുള്ള ഇടപെടൽ നടത്തും. അന്തർദേശീയ തീർത്ഥാടന കേന്ദ്രമായുള്ള പ്രഖ്യാപനത്തോടെ നാഗമ്പടത്തിന്റെ പ്രസക്തി നിയമസഭ രേഖകളിൽ ചരിത്രമായി ആലേഖനം ചെയ്യപ്പെട്ടു. ആ രേഖയ്ക്ക് വിലമതിക്കാനാവാത്ത മൂല്യമുണ്ട്. മുഖ്യമന്ത്രിയ്ക്കും ധനമന്ത്രിയ്ക്കും കൂടി അർഹതയുണ്ട് ഈ സ്വീകരണത്തിനെന്നും അദ്ദേഹം പറഞ്ഞു. യൂണിയന്റെ ഉപഹാരം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ മന്ത്രിയ്ക്ക് നൽകി. ഉത്സവ കമ്മിറ്റി ഭാരവാഹികളും ആറാട്ട് വരവേൽപ്പ് സമിതിയും അദ്ദേഹത്തെ ആദരിച്ചു.