പത്തോളം ഇടങ്ങളിൽ കുറ്റിക്കാടിന് തീപിടിച്ചു, ആളപായമില്ല
കാട്ടാക്കട: കാട്ടാക്കട അഗ്നിരക്ഷാനിലയം പരിധിയിലെ പത്തോളം ഇടങ്ങളിൽ തീപിടിത്തം.
വ്യാഴാഴ്ചയാണ് കുറ്റിക്കാടുകളിൽ തീപിടിത്തമുണ്ടായത്. രാവിലെ മുതൽ കുറ്റിച്ചൽ,കോട്ടൂർ,തൂങ്ങാമ്പാറ, വിളപ്പിൽശാല,മലയിൻകീഴ്, ഇരട്ടക്കലുങ്ക്,ലൂർദ് മാതാ കോളേജിന് സമീപം, മുളയറ തുടങ്ങിയ സ്ഥലങ്ങളിൽ അഞ്ചുസെന്റ് മുതൽ ഏക്കറോളം ഭൂമിയുള്ള ഇടങ്ങളിലാണ് തീപിടിത്തമുണ്ടായത്. ഒരിടത്തും ആളപായമില്ല.എല്ലായിടത്തും കാട്ടാക്കട അഗ്നിരക്ഷാസേനയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
കാട്ടാക്കട, പൂവച്ചൽ പ്രധാന റോഡിൽ എസ്.എൻ ഗുരുമന്ദിരത്തിന് താഴെ മിനിസിവിൽ സ്റ്റേഷനിലേക്ക് പോകുന്ന വഴിക്ക് തീ പിടിത്തമുണ്ടായി. വഴിയാത്രക്കാർ കണ്ടാണ് അഗ്നിരക്ഷാനിലയത്തിൽ വിവരം അറിയിച്ചത്. ഇവിടെ വാഴ ഉൾപ്പെടെ ഉണ്ടായിരുന്നത് കത്തിനശിച്ചു. വേനൽ കടുത്തിരിക്കുന്ന സാഹചര്യത്തിൽ കുറ്റിക്കാടിന് സമീപം ആരും ചവർ കൂനയ്ക്കോ, മാലിന്യക്കൂമ്പാരത്തിലോ തീയിടരുതെന്നും സിഗരറ്റ് വലിച്ച് ഇത്തരം സ്ഥലങ്ങളിൽ ഉപേക്ഷിക്കരുതെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അഗ്നിരക്ഷാസേന നിർദ്ദേശിച്ചു. പലയിടത്തും ഇത്തരത്തിലാണ് തീ പിടിച്ചിരിക്കുന്നത്.