കാട്ടാന ആക്രമണം: ഒരു കുടുംബത്തിലെ നാല് പേര്‍ ഉള്‍പ്പെടെ ആറ് മരണം

Friday 13 February 2026 9:46 PM IST

റാഞ്ചി: കാട്ടാന ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. ജനവാസമേഖലയില്‍ എത്തിയ അഞ്ച് ആനകളുടെ ഒരു കൂട്ടം വീട് തകര്‍ക്കുകയും ഉറങ്ങിക്കിടന്ന കുടുംബാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. ബാക്കി രണ്ട് പേര്‍ വീടിന് സമീപത്തുള്ളവരാണ്. വിവരം അറിഞ്ഞ ഉടനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. തുടര്‍നടപടികള്‍ സ്വീകരിച്ചുവെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

അടുത്തകാലത്തായി സംസ്ഥാനത്ത് കാട്ടാനകളുടെ ആക്രമണം വര്‍ദ്ധിച്ച് വരികയാണ്. ഝാര്‍ഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ള സംയുക്ത വനം വകുപ്പ് സംഘവും വിദഗ്ധ അന്വേഷണ സംഘവും ആനയെ തുരത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

അതേസമയം ഡ്രോണ്‍ ക്യാമറകള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നിട്ടും ആനയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി നിലവില്‍ വിദഗ്ധ സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. വനം വകുപ്പും പട്രോളിംഗ് സംഘങ്ങളും ഈ പ്രദേശങ്ങള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.