കൊവ്വൽ റോഡ് അടച്ചു; ഞാണുംകൈ റോഡ് മുറിച്ചു ചെറുവത്തൂരിലെ വ്യാപാരികൾക്ക് ഹൈവേ കുരുക്ക്
ചെറുവത്തൂർ: ദേശീയപാത നിർമ്മാണത്തിനായി അശാസ്ത്രീയമായ നിയന്ത്രണം വഴി നട്ടംതിരിഞ്ഞ് ചെറുവത്തൂർ ടൗണിലെ വ്യാപാരമേഖല. ചെറുവത്തൂർ ടൗണിനെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളായ ചെറുവത്തൂർ കൊവ്വൽ വഴി ടൗണിലേക്ക് പ്രവേശിക്കുന്ന റോഡ് അടക്കുകയും പഴയ ദേശീയപാതയിൽ ഞാണംകൈ മട്ടലായി റോഡ് മുറിച്ചു മാറ്റുകയും ചെയ്തതിനെ തുടർന്നാണ് ടൗണിൽ ഗതാഗതം ദുർഘടമായത്.
ചെറുവത്തൂർ ടൗണിൽ വന്നുപോകുന്നതിന് വലിയ തടസമാണ് ആളുകൾ അനുഭവിക്കുന്നത്. അസൗകര്യം കാരണം ജനം
ടൗണിനെ കൈവിട്ടുതുടങ്ങിയത് കച്ചവടത്തെ സാരമായി ബാധിച്ചു. ടൗണിലെ മറ്റു സ്ഥാപനങ്ങളുമായും ഓഫീസുകളുമായും ബന്ധപ്പെടുന്നവർക്കും ഇതെ ദുരിതം അനുഭവിക്കേണ്ടിവരുന്നു. ആർ.ടി.ഒയേയും പൊലീസിനെയും പങ്കെടുപ്പിച്ചു നടത്തിയ ഗതാഗത പരിഷ്‌ക്കരണ യോഗങ്ങളിൽ പല തവണ വിഷയം ചർച്ചക്കെടുത്തെങ്കിലും പരിഹാരം തെളിഞ്ഞില്ല.
ഇഴഞ്ഞിഴഞ്ഞ് നിർമ്മാണം
ചെറുവത്തൂർ കൊവ്വൽ പള്ളിയുടെ മുന്നിലൂടെ ടൗണിലേക്ക് പ്രവേശിക്കുന്ന റോഡിലെ പ്രവൃത്തികൾ തീർത്തും നിലച്ച മട്ടാണ്. സർവ്വീസ് റോഡിന്റെയും ഓവുചാലിന്റെയും നിർമ്മാണത്തിനായാണ് ടൗണിനെ ഹൈവേയെ ബന്ധിപ്പിക്കുന്ന ഈ റോഡ് അടച്ചത്. അടിയന്തര പ്രധാന്യത്തിൽ പരിഗണിക്കേണ്ട പ്രവൃത്തി എളുപ്പത്തിൽ തീർക്കാനുള്ള നീക്കമല്ല നിർമ്മാണ കമ്പനിയിൽ നിന്നുണ്ടാകുന്നതെന്ന് നാട്ടുകാർ പറയുന്നു. ഈ ഭാഗത്തുകൂടി വാഹനങ്ങളെ കടത്തി വിടാത്തത് ടൗണിലെ വ്യാപാര സ്ഥാപനങ്ങളെ നിശ്ചലമാക്കിയിരിക്കുകയാണ്. കുട്ടമ്മത്ത് സ്കൂൾ റോഡിലൂടെയുള്ള ഗതാഗതവും ഇതുമൂലം തടസപ്പെട്ടു. ടൗണിലേക്കുള്ള റോഡ് അടച്ചതിനാലാണ് ചെറുവത്തൂർ അണ്ടർ പാസേജിന് സമീപം നിരന്തരം വൻ ഗതാഗത കുരുക്ക് രൂപപ്പെടുന്നത്. ഞാണംകൈ മട്ടിലായി റോഡ് സർവീസ് റോഡുമായി ബന്ധിപ്പിക്കുമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ അടക്കം ഉറപ്പുകൾ നൽകിയെങ്കിലും ഇതുവരെ കാര്യമായ പ്രവൃത്തിയൊന്നും ഇവിടെ നടന്നിട്ടില്ല. മണ്ണിടിഞ്ഞ് അപകടമുണ്ടായ ഘട്ടത്തിൽ ദുരന്ത നിവാരണ സമിതി നൽകിയ റിപ്പോർട്ടാണ് ഇവിടെ പ്രതിസന്ധിയായത്. ഗവ ടെക്നിക്കൽ സ്കൂളിന്റെ സ്ഥലം ഏറ്റെടുക്കാതെ റോഡ് ബന്ധിപ്പിക്കാൻ കഴിയില്ലെന്നായിരുന്നു പ്രതിസന്ധിയ്ക്കിടയാക്കിയ പരാമർശം.
ചെറുവത്തൂരിന്റെ വ്യാപാര രംഗത്തെയും ഗതാഗത രംഗത്തെയും പ്രതിസന്ധികൾ ദിനംപ്രതി വർദ്ധിച്ചുവരുമ്പോഴും പരിഹാരം ഉണ്ടാക്കേണ്ടുന്ന അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണ്. ഞാണംകൈ റോഡ് സർവ്വീസ് റോഡുമായി ബന്ധിപ്പിക്കാൻ ഇപ്പോൾ എളുപ്പം കഴിയും. അല്പം മണ്ണ് നിരപ്പാക്കിയാൽ അത് സാദ്ധ്യമാണ്. അതിന് ശേഷം ഈ റോഡ് വൺവേ ആക്കുകയും ചെയ്താൽ കുരുക്കിന് ആശ്വാസം കിട്ടും. എന്നാൽ ഒന്നിനും അനക്കമില്ല. ഈ നില തുടർന്നാൽ ശക്തമായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാൻ വ്യാപാരികൾ നിർബന്ധിതരാകും. രഞ്ജിത്ത് തിമിരി ( പ്രസിഡന്റ് ചെറുവത്തൂർ മർച്ചന്റ്‌സ് അസോസിയേഷൻ), കെ.സി സതീശൻ ( ജനറൽ സെക്രട്ടറി