' കേരളകൗമുദി ' വാർത്തയെ തുടർന്ന് കണക്കുകൾ പ്രസിദ്ധീകരിച്ചു സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വൻ വർദ്ധന

Saturday 14 February 2026 12:14 AM IST

തിരുവനന്തപുരം: നഗരത്തിൽ സ്ത്രീകൾക്കെതിരെ നടന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വൻ വർദ്ധന. തലസ്ഥാനത്ത് സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങളുടെ കണക്ക് പുറത്തുവിടാതെ പൊലീസ് രഹസ്യമാക്കുകയാണെന്ന് കേരളകൗമുദി വാർത്ത നൽകിയതിന് പിന്നാലെ 48മണിക്കൂറിനകം സിറ്റിപൊലീസ് കണക്കുകൾ പുറത്തുവിടുകയായിരുന്നു.

2021ൽ 693 ആയിരുന്ന സ്ഥാനത്ത് 2025ൽ 1512 കേസുകളാണ് പട്ടികയിലുള്ളത്. 44 കുറ്റകൃത്യങ്ങളുടെ ഇനം തിരിച്ചുള്ള കണക്കുകളാണ് സിറ്റി പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ബലാത്സംഗ കേസുകളാണ് പട്ടികയിൽ ഏറ്റവും കൂടുതലുള്ളത്. ബി.എൻ.എസ് 354 പ്രകാരം 293 കേസുകളാണ് കഴിഞ്ഞ വർഷം മാത്രം റിപ്പോർട്ട് ചെയ്‌തത്. പ്രായപൂർത്തിയായവർക്ക് നേരെയുണ്ടായ അതിക്രമങ്ങളും മുൻവർഷങ്ങളെ അപേക്ഷിച്ച് 75 ആയി ഉയർന്നു. പോക്സോ പ്രകാരമുള്ള ബലാത്സംഗ കേസുകൾ 105,മറ്റു പോക്സോ കേസുകൾ 162 എന്നിങ്ങനെയാണുള്ളത്.

പൊതുയിടങ്ങളിലുള്ള അശ്ലീല പ്രദർശനവുമായി ബന്ധപ്പെട്ടുള്ള കേസുകളും വർദ്ധിച്ചു. കഴിഞ്ഞ വർഷം ബി.എൻ.എസ് 509 പ്രകാരം മുൻ 83 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. നഗരത്തിൽ കഴിഞ്ഞ വർഷം 8 സ്ത്രീകളെയാണ് തട്ടിക്കൊണ്ടുപോയത്. 271 വിശ്വാസവഞ്ചന കേസുകളാണ് കഴിഞ്ഞ വർഷത്തെ പട്ടികയിൽ ഉൾപ്പെട്ടത്.

പരിശോധന ശക്തമാക്കണം

--------------------------------------------

രാത്രികാല പട്രോളിംഗിലെ കുറവ്,സി.സി ടിവി നിരീക്ഷണത്തിലെ പാളിച്ചകൾ,ശിക്ഷ ഉറപ്പാക്കുന്നതിലെ കാലതാമസം എന്നിവയാണ് കേസുകൾ വർദ്ധിക്കാൻ കാരണം. തലസ്ഥാന നഗരം കുറ്റവാളികളുടെ താവളമായി മാറുന്നത് ഗൗരവമേറിയ വിഷയമാണ്. നഗരത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

പട്രോളിംഗ് ശക്തമാക്കുന്നതിനൊപ്പം അന്വേഷണം

ഊർജിതമാക്കുകയും ചെയ്യും

കെ.കാർത്തിക്,സിറ്റി പൊലീസ് കമ്മിഷണർ

കണക്കുകൾ

-----------------

2021 - 693

2022 - 822

2023 - 1072

2024- 1140

2025 - 1512