മൂലമറ്റം മിനിയേച്ചർ പവർഹൗസിന്റെ മാതൃക, നിർമ്മാണത്തിന് ഭൂമി കൈമാറി
ഇടുക്കി: കേരള ഹൈഡൽ ടൂറിസം സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വടക്കേപ്പുഴ ടൂറിസം പദ്ധതി, കുളമാവ് ഡാം മിനിപാർക്ക്, ഇടുക്കി ഹൈഡ്രോ ഇലക്ട്രിക്ക് പദ്ധതി മൂലമറ്റം മിനിയേച്ചർ പവർഹൗസിന്റെ മാതൃക പ്രവർത്തനാനുമതി നൽകി കൊണ്ട് ഭൂമി കൈമാറ്റം എന്നിവയുടെ ഉദ്ഘാടനം ഓൺലൈനായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു.
ഇടുക്കി ജലാശയത്തിന്റെ ഭാഗമായുള്ള വടക്കേപ്പുഴയിൽ പരിസ്ഥിതിക്ക് ഒട്ടം ആഘാതമുണ്ടാകാത്ത രീതിയലാണ് ടൂറിസം പദ്ധതി നടപ്പാക്കുന്നത്. ജലകായിക വിനോദങ്ങളായ കയാക്കിംഗ്, കനോയിംഗ്, കുട്ട വഞ്ചി സവാരി എന്നിവയാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രത്യേകം ടിക്കറ്റ് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. കുളമാവിൽ സഞ്ചാരികൾക്ക് വിശ്രമിക്കാനും ഡാമിന്റെ കാഴ്ചകൾ ആസ്വദിക്കുന്നതിനും മനോഹരമായ മിനി പാർക്ക് തയ്യാറാക്കിയിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതിനിലയമായ മൂലമറ്റം പവർഹൗസ് കാണാൻ എല്ലാവർക്കും സുരക്ഷാ കാരണങ്ങളാൽ സന്ദർശനം അനുവദിക്കാൻ കഴിയില്ല. ഇതിന് പരിഹാരമായാണ് മൂലമറ്റം മിനിയേച്ചർ പവർഹൗസിന്റെ മാതൃക കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കർ സ്ഥലത്ത് യാഥാർത്ഥ്യമാക്കുന്നത്.
ടൂറിസം രംഗത്ത് വലിയ മാറ്റങ്ങളുണ്ടാകുമ്പോൾ നാടിന്റെ മുഖച്ഛായ തന്നെ മാറുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പവർഹൗസിന്റെ മാതൃക പദ്ധതിയോടൊപ്പം കുടയത്തൂർ അറക്കുളം പഞ്ചായത്തുകളിൽ നിരവധി ടൂറിസം പദ്ധതികൾ നടപ്പാക്കും. നാടുകാണി കേബിൾ കാർ പദ്ധതിയുടെ സാധ്യതാ പഠനത്തിന് സർക്കാർ 29.5 ലക്ഷം രൂപ അനുവദിച്ചിരുന്നു. കൂടാതെ ബഡ്ജറ്റിൽ മൂന്ന് കോടി വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി റോഷി പറഞ്ഞു.
ഭൂമി കൈമാറ്റം സംബന്ധിച്ച രേഖ കെ.എസ്.ഇ.ബി. ജനറേഷൻ സിവിൽ, ഇലക്ട്രിക്കൽ ആന്റ് റീസ് ഡയറക്ടർ ജി. സജീവ് മന്ത്രി റോഷി അഗസ്റ്റിന് കൈമാറി. കേരള ഹൈഡൽ ടൂറിസം സെന്റർ ഡയറക്ടർ ഹർഷിൽ ആർ.മീണ, ജില്ലാ പഞ്ചായത്തംഗം സജി. പി ജോസ്, അറക്കുളം ഗ്രാമപഞ്ചാത്ത് വൈസ് പ്രസിഡന്റ് ഇമ്മാനുവൽ സൈമൺ, ബ്ലോക്ക് പഞ്ചായത്തംഗം മാത്യു സെബാസ്റ്റിയൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സുശീല ഗോപി, ബിജു ജോസഫ്, പി.ഡി സുമോൻ, ആശാമോൾ കെ. കെ, കെ. എസ്. ഇ.ബി ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.
കുളമാവ് ഡാം
മിനിപാർക്ക് തുറന്നു
കേരള ഹൈഡൽ ടൂറിസം സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച കുളമാവ് ഡാം മിനിപാർക്ക് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ നാടിന് സമർപ്പിച്ചു. വിനോദസഞ്ചാരികൾക്ക് കുളമാവ് ഡാമും ഇടുക്കി ജലാശയവും അടുത്ത് കാണുന്നതിനായി ഡാമിന്റെ വലതുകരയിൽ പ്രകൃതിഭംഗി ആസ്വദിച്ച് വിശ്രമിക്കുന്നതിനായി ഇരിപ്പിടങ്ങൾ ഉൾപ്പെടയുള്ള സൗകര്യങ്ങൾ മിനിപാർക്കിൽ സജ്ജമാക്കിയിട്ടുണ്ട്.
വടക്കേപ്പുഴ ടൂറിസം പദ്ധതി
നാടിന് സമർപ്പിച്ചു
ഇടുക്കി: ഏറെക്കാലമായുള്ള നാടിന്റെ ആഗ്രഹമാണ് വടക്കേപ്പുഴ ടൂറിസം പദ്ധതി നടപ്പാക്കിയതിലൂടെ യാഥാർത്ഥ്യമായി
തൊടുപുഴ തേക്കടി റോഡിൽ കുളമാവ് ഡാമിന് സമീപം വൈദ്യുതി ഉൽപ്പാദനത്തിന് ജലം ശേഖരിക്കുന്ന തടാകമാണ് വടക്കേപ്പുഴ ജലാശയം. ഇവിടെ യന്ത്രരഹിത, പ്രകൃതി സൗഹൃദമായ കയാക്കിംഗ്, കുട്ടവഞ്ചി, കനോയിംഗ് തുടങ്ങിയ ജലവിനോദങ്ങളാണ് ആരംഭിച്ചത്.