യൂണിവേഴ്സിറ്റി കുത്തുകേസ് പ്രതി നസീമിൽ നിന്ന് ജയിലിൽ കഞ്ചാവ് പിടികൂടി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് കുത്തുകേസിലെ പ്രതിയായ നസീമിൽ നിന്ന് പൂജപ്പുര ജയിലിൽവച്ച് കഞ്ചാവ് പിടികൂടി. ഇന്നലെ രാത്രി തടവുപുള്ളികളെ പാർപ്പിച്ച ബ്ലോക്കുകളിൽ പൊലിസ് നടത്തിയ തെരച്ചിലിലാണ് നസീമിൽ നിന്ന് കഞ്ചാവും ബീഡിയും ഹാൻസുമടക്കമുള്ള നിരോധിത സാധനങ്ങൾ കണ്ടെത്തിയത്. നസീമിനു പുറമേ ആറ് സഹ തടവുകാരിൽ നിന്നും കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കൾ പിടികൂടി.
ഇന്നലെ വൈകിട്ട് ഏഴു മുതൽ ഒമ്പത് വരെയായിരുന്നു ഡി.ജി.പിയുടെ നിർദേശാനുസരണം ജയിൽ സൂപ്രണ്ട് ബി.സുനിൽകുമാറിന്റെ നേതൃത്വത്തിൽ ജയിലിലെ എല്ലാ ബ്ലോക്കുകളിലും പരിശോധന നടത്തിയത്. നസീമിനെ പാർപ്പിച്ചിട്ടുള്ള എട്ടാം ബ്ലോക്ക്, ഹോസ്പിറ്റിൽ ബ്ലോക്ക്, നാല്, എട്ട്, പന്ത്രണ്ട് തുടങ്ങിയ ബ്ലോക്കുകളിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. ജയിലിൽ നിരോധിത ലഹരി വസ്തുക്കൾ കടത്തിയതുമായി ബന്ധപ്പെട്ട് നസീമടക്കം ഏഴ് തടവുകാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജയിൽ സൂപ്രണ്ട് പൂജപ്പുര പൊലിസിന് കത്ത് നൽകി.
യൂണിവേഴ്സിറ്റി കോളേജിൽ സഹപാഠിയായ അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയും എസ്.എഫ്.എെ പ്രവർത്തകനുമാണ് നസീം.