നഗരത്തിലെ ഉപയോഗ ശൂന്യമായ പൊതുടാപ്പുകളുടെ നീക്കം വൈകുന്നു
ആലപ്പുഴ: നഗരത്തിലെ ഉപയോഗ ശൂന്യമായ പൊതുടാപ്പുകൾ നീക്കം ചെയ്യുന്ന നടപടി വൈകുന്നു. കഴിഞ്ഞ കൗൺസിൽ കാലത്ത് തീരുമാനമെടുത്ത ജോലികളാണ് ഇനിയും ഒരിടത്തും എത്താത്തത്. പൊതുടാപ്പുകൾ നീക്കം ചെയ്യുന്നതിന് വാട്ടർ അതോറിട്ടി ടെണ്ടർ നടപടികൾ ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ഇക്കാര്യത്തിലും വ്യക്തതയില്ല. നഗരത്തിലെ വിച്ഛേദിക്കേണ്ട പൊതുടാപ്പുകളുടെ പട്ടിക നഗരസഭ വാട്ടർ അതോറിട്ടിക്ക് കൈമാറിയിരുന്നു. അമൃത്, കിഫ്ബി കുടിവെള്ള കണക്ഷനുകൾ എല്ലാ വീടുകളിലും ലഭ്യമായതോടെയാണ് ഉപയോഗമില്ലാത്ത ടാപ്പുകൾ ഒഴിവാക്കാൻ നഗരസഭ തീരുമാനിച്ചത്. പൊതുടാപ്പുകൾ ഏകദേശം 1500 എണ്ണം വരും.
നഗരസഭയുടെയും വാട്ടർ അതോറിട്ടിയുടെയും സംയുക്ത പരിശോധനയിലൂടെ കണ്ടെത്തിയ അത്യാവശ്യ കണക്ഷനുകൾ നിലനിറുത്തിയ ശേഷം ബാക്കിയുള്ളവ ഒഴിവാക്കാനായിരുന്നു തീരുമാനം. നഗരത്തിലെ പൊതുടാപ്പുകളുടെ വെള്ളക്കരത്തിന്റെ കുടിശിക ഇനത്തിൽ കോടികൾ ഒഴിവാക്കി ജല അതിറിട്ടി നേരത്തേ ഉത്തരവ് ഇറക്കിയിരുന്നു. കഴിഞ്ഞ 15 വർഷത്തെ കുടിശികയായ 58.78 കോടിയാണ് ഒഴിവാക്കിയത്.
പൊതുടാപ്പുകൾ:
1500 എണ്ണം
ടാപ്പ് നീക്കിയാൽ ലാഭം
ഗാർഹിക കണക്ഷനുകൾ എല്ലാവീടുകളിലും ലഭിച്ചതോടെ പല പൊതുടാപ്പുകളും ഉപയോഗമില്ലാതായി
ടാപ്പുകൾ നശിക്കുന്ന അവസ്ഥയിലേക്ക് എത്തിയതോടെയാണ് നീക്കം ചെയ്യാൻ നടപടി ആരംഭിച്ചത് ഉപയോഗ ശൂന്യമായ ടാപ്പുകൾ ഒഴിവാക്കിയില്ലെങ്കിൽ ഇവയുടെ ബില്ലും നഗരസഭ അടക്കേണ്ടിവരും
അമിത ചെലവ് ഒഴിവാക്കുകയാണ് നഗരസഭയുടെ ലക്ഷ്യം
പൊതുടാപ്പുകൾ നീക്കം ചെയ്യുന്നതിന് കൃത്യമായ സർവേ നടത്തും. എല്ലാകുടുംബങ്ങളിലും വാട്ടർ കണക്ഷൻ എത്തിയാൽ മാത്രമേ പൊതുടാപ്പുകൾ പൂർണമായും നീക്കം ചെയ്യൂ
-സി. ജ്യോതിമോൾ,
ചെയർപേഴ്സൺ,
മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി