ക്യാൻസർ പ്രതിരോധം;  40,772 പെൺകുട്ടികൾക്ക് വാക്സിൻ നൽകും

Saturday 14 February 2026 12:06 AM IST

ആലപ്പുഴ: ഗർഭാശയഗള അർബുദം (സെർവിക്കൽ ക്യാൻസർ) പ്രതിരോധിക്കാനായി 14 മുതൽ 16 വയസുവരെയുള്ള പെൺകുട്ടികൾക്ക് ഹ്യൂമൺ പാപ്പിലോമ വൈറസ് (എച്ച്.പി.വി) വാക്സിൻ നൽകും. ജില്ലയിൽ 40,772 പെൺകുട്ടികൾക്കാണ് വാക്സിൻ നൽകുക. ഇതിനായി ആശമാർ വഴി ഓരോ വാർഡിലെയും പെൺകുട്ടികളുടെ പട്ടിക തയ്യാറാക്കി. സ്തനാർബുദത്തിന് പുറമെ സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന അർബുദങ്ങളിലൊന്നാണ് ഗർഭാശയഗളത്തിലേത്. വരും തലമുറയെ ഇതിൽ നിന്ന് പൂർണമായും മോചിപ്പിക്കാൻ ലക്ഷ്യമിട്ടാണ് വാക്സിനേഷൻ. പ്ലസ് വൺ, പ്ലസ്ടു വിദ്യാർത്ഥിനികൾക്ക് വാക്സിൻ നൽകാനായിരുന്നു ആദ്യതീരുമാനം. എന്നാൽ, പിന്നീട് അത് 14 മുതൽ 16 വയസുവരെയുള്ളവർക്കായി പരിഷ്ക്കരിച്ചു.

രോഗത്തിന്റെ ഘട്ടം അനുസരിച്ച് ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി എന്നിവയാണ് പ്രധാന ചികിത്സകൾ. ഡോസുകൾ: 15 വയസ്സിന് താഴെയുള്ളവർക്ക് രണ്ട് ഡോസുകളും (0, 6-12 മാസ ഇടവേളയിൽ), 15 വയസ്സിന് മുകളിലുള്ളവർക്ക് മൂന്ന് ഡോസുകളും ആവശ്യമാണ്. 2030ഓടെ ഗർഭാശയഗള അർബുദം പൂർണമായും തടയാൻ ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നു വളരെ സുരക്ഷിതമാണ് വാക്സിൻ. കുത്തിവെച്ച ഭാഗത്ത് നേരിയ വേദനയോ വീക്കമോ അനുഭവപ്പെടാം. സംസ്ഥാന ആരോഗ്യവകുപ്പ് സ്‌കൂൾ തലത്തിൽ വാക്സിനേഷൻ യജ്ഞങ്ങൾ നടത്തുന്നു. അണുബാധ ഉണ്ടായതിന് ശേഷം വാക്സിൻ നൽകിയാൽ ഫലം കുറവായതിനാൽ, നേരത്തെയുള്ള വാക്സിനേഷനാണ് ഉചിതം.

എട്ടുവർഷം വരെ പ്രതിരോധം

# വാക്സിനേഷന്റെ ഗുണങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തും

# വാക്സിന് ചെലവ് കൂടുതലായതിനാൽ ലയൺസ് ക്ലബ്, റോട്ടറി ക്ലബ്, ഇന്നർവീൽ ക്ലബ് തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സഹകരണം തേടും # നിലവിലെ പ്രതിരോധ കുത്തിവയ്പ്പുകളുടെ കൂടെ എച്ച്.പി.വി വാക്സിൻ നൽകാൻ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തിരുന്നു

# പ്രായത്തിനനുസരിച്ച് വാക്സിന്റെ രണ്ടോ മൂന്നോ ഡോസുകൾ ആവശ്യമായി വരും.

# 45 വയസുവരെയുള്ളവർക്ക് വാക്സിനെടുക്കാനാകും