പുഞ്ചനെല്ല് സംഭരണം: മില്ലുകൾക്ക് നിസഹകരണം,​ കർഷകർക്ക് ആശങ്ക

Saturday 14 February 2026 12:11 AM IST

ആലപ്പുഴ: പുഞ്ചക്കൊയ്‌ത്തിനുള്ള മുന്നൊരുക്കങ്ങൾ സർക്കാർ തലത്തിൽ നടക്കുമ്പോഴും നെല്ല് സംഭരണത്തിൽ മില്ലുകാരുടെ

മെല്ലപ്പോക്ക് തുടരുന്നു. കിഴിവ് കൊള്ളയും അനാവശ്യ ചൂഷണവും ഒഴിവാക്കാൻ സഹകരണ സംഘങ്ങളുടെ സഹായത്തോടെ പ്രഖ്യാപിച്ച നെല്ല് സംഭരണം, പാലക്കാടൊഴികെ മറ്റൊരിടത്തും നടപ്പാകാത്ത സാഹചര്യത്തിൽ കർഷകരെയും സർക്കാരിനെയും സമ്മ‌ർദ്ദത്തിലാക്കുകയാണ് മില്ലുകാരുടെ തന്ത്രം. കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന മില്ലുടകളുടെ യോഗത്തിൽ ഔട്ട് ടേൺ റോഷ്യോയിൽ ഇളവ് നൽകുന്നത്

ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുത്തശേഷവും മില്ലുകാരുടെ സഹകരണമില്ലാത്തത് കർഷകരെ ആശങ്കയിലാക്കുന്നു.

കുട്ടനാട്ടിലെ ചതുർത്ഥ്യാങ്കരി, ചമ്പക്കുളം സഹകരണ സംഘങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രഖ്യാപിച്ച സംഭരണംപോലും ജില്ലയിൽ നടപ്പാക്കാൻ സഹകരണ വകുപ്പിനായില്ല. ഗോഡൗണുകളില്ലാത്തതും നെൽ വിലയായി കർഷകർക്ക് നൽകാനുള്ള പണമില്ലാത്തതുമാണ് തടസമായത്. ആലപ്പുഴയിൽ ഏറ്റവുമധികം നെല്ല് ഉൽപ്പാദിപ്പിക്കുന്ന പ്രദേശത്ത് നിന്നുപോലും നെല്ല് സംഭരിക്കാൻ സഹകരണ സംഘങ്ങൾക്ക് കഴിയാതെ വന്നതോടെ,​ കർഷകരും സർക്കാരും തങ്ങളുടെ ചൊൽപ്പടിയിലാകുമെന്ന പ്രതീക്ഷയിലാണ് മില്ലുകാർ. എന്തായാലും,​നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മില്ലുകാരുടെ നിസഹകരണം സപ്ളൈകോയെയും സർക്കാരിനെയും ഒരുപോലെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.

സംഘങ്ങളിലെ സംഭരണവും നടപ്പായില്ല

1.നെല്ല് സംസ്‌കരിച്ച് അരിയാക്കിയതിന് മില്ലുകാർക്ക് ലഭിക്കാനുള്ള ഔട്ട് ടേൺ റേഷ്യോ കുടിശികയും, ഒന്നാം വിളയിലേതുപോലെ ക്വിന്റലിന് 1.5 കിലോ അരിയുടെ കിഴിവുമാണ് പുഞ്ചകൃഷിയിൽ സർക്കാർ ഉറപ്പുനൽകിയത്

2. കഴിഞ്ഞ വർഷം 47 മില്ലുകളാണ് കുട്ടനാട് താലൂക്കിൽ പുഞ്ചനെല്ല് സംഭരിച്ചത്. എന്നാൽ, ഇത്തവണ അമ്പലപ്പുഴ മേഖലയിൽ 13ഉം കുട്ടനാട്ടിൽ 11ഉം മില്ലുകൾ മാത്രമാണ് സംഭരണത്തിന് തയ്യാറായിട്ടുള്ളത്

3. മാത്രമല്ല, രജിസ്റ്റർ ചെയ്‌തമില്ലുകളിൽ ഒന്നോ, രണ്ടോ ഒഴികെ മിക്കതും സംഭരണശേഷി കുറഞ്ഞവയാണ്. ഉദ്ദേശിച്ചത്ര നെല്ല് സംഭരിക്കാൻ കഴിഞ്ഞില്ലെങ്കിൽ വേനൽ ചൂടിൽ പാടത്ത് കെട്ടിക്കിടന്ന് നെല്ലിന്റെ തൂക്കം കുറയും

കരാറിൽ ഒപ്പിട്ട

മില്ലുകൾ ജില്ലയിൽ

അമ്പലപ്പുഴ.................13

കുട്ടനാട്..........................11

ചെങ്ങന്നൂർ....................1

ചേർത്തല........................2

മാവേലിക്കര..................2

കാർത്തികപ്പള്ളി...........7