ബംഗ്ലാദേശിന്റെ പ്രശ്‌നങ്ങള്‍ നമ്മള്‍ വിചാരിക്കുന്നതിലും അപ്പുറം; താരീഖ് സിയയെ കാത്തിരിക്കുന്നത്

Saturday 14 February 2026 12:24 AM IST

ധാക്ക: ബംഗ്ലാദേശിന്റെ പൊതുതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ബിഎന്‍പി (ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി) അധികാരത്തിലേക്ക് എന്നതാണ് ജനവിധി. വന്‍ ഭൂരിപക്ഷവുമായി ബിഎന്‍പി അധികാരമുറപ്പിച്ചതോടെ മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകന്‍ താരീഖ് സിയ രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാകുമെന്നും ഏറെക്കുറെ ഉറപ്പാണ്. തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി നേരിട്ടത് വലിയ തിരിച്ചടിയാണെന്നത് ഇന്ത്യക്കും സന്തോഷം നല്‍കുന്ന കാര്യമാണ്. അയല്‍രാജ്യവുമായുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും മോശം നിലയിലാണെന്നതാണ് തിരഞ്ഞെടുപ്പ് ഫലം ഇന്ത്യക്കും നിര്‍ണായകമായത്.

17 വര്‍ഷത്തെ തന്റെ യുകെ ജീവിതം അവസാനിപ്പിച്ച് മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് താരീഖ് സിയ ധാക്കയിലേക്ക് മടങ്ങിയെത്തിയത്. തന്റെ 43ാം വയസ്സില്‍ അദ്ദേഹം രാജ്യം വിടുമ്പോള്‍ ഉണ്ടായിരുന്ന ബംഗ്ലാദേശ് അല്ല ഇന്നത്തെ ബംഗ്ലാദേശ്. അയല്‍രാജ്യങ്ങളുമായുള്ള ബന്ധം. നയതന്ത്ര ഇടപെടലുകള്‍, ആഭ്യന്തര കലാപം, ഇന്ത്യയുമായുള്ള മോശം ബന്ധം, ചൈനയുമായി അടുക്കുന്ന പുതിയ തന്ത്രം എന്നീ മാറ്റങ്ങള്‍ക്ക് കൂടി വിധേയപ്പെട്ടിരിക്കുകയാണ് ഇന്നത്തെ ബംഗ്ലാദേശ്.

പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുപ്പ് വിജയിച്ച് എത്തുന്ന താരീഖ് സിയയേയും പുതിയ സര്‍ക്കാരിനേയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. തകര്‍ന്നടിഞ്ഞ സാമ്പത്തിക സ്ഥിതിയാണ് ഇതില്‍ പ്രധാനപ്പെട്ടത്. തീവ്രവാദ സംഘടനകള്‍ രാജ്യത്ത് കൂടുതല്‍ ശക്തിപ്പെട്ടതും, ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് നേരെ വര്‍ദ്ധിച്ച് വരുന്ന ആക്രമണങ്ങളും ഇതില്‍ ഇന്ത്യക്കുള്ള അതൃപ്തിയും എല്ലാം പുകയുന്ന വിഷയങ്ങളാണ്. ബംഗാള്‍ ഉള്‍ക്കടലിലെ മേധാവിത്വത്തിനു വേണ്ടി വന്‍ശക്തികളുടെ കടിപിടി, രോഹിംഗ്യാ പ്രശ്നം തുടങ്ങിയ വെല്ലുവിളികള്‍ വേറെയും.

4096 കിലോമീറ്റര്‍ ആണ് ഇന്ത്യയും ബംഗ്ലാദേശും പങ്കിടുന്ന അതിര്‍ത്തിയുടെ നീളം. അതുകൊണ്ട് തന്നെ ഇന്ത്യയെ പിണക്കിയുള്ള ഒരു മുന്നോട്ടുപോക്ക് ബംഗ്ലാദേശിനെ സംബന്ധിച്ച് അത്ര എളുപ്പമല്ല. ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി താരീഖ് സിയയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു. പുതിയ ചങ്ങാതിമാരായ പാകിസ്ഥാനും ചൈനയും ഇതിന് തയ്യാറാകുന്നതിന് മുമ്പ് തന്നെ മോദി അഭിനന്ദനം അറിയിച്ചു.

ഇന്ത്യയുടെ താല്‍പര്യങ്ങളെ മാനിക്കുമെന്ന് താരിഖ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ നിലനില്‍പ്പിന് ഇന്ത്യയുമായുള്ള ബന്ധവും വ്യാപാരവും ബംഗ്ലാദേശിന്റെ നിലനില്‍പ്പിനെ കൂടി ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂലായില്‍ അവതരിപ്പിച്ച പുതിയ ചില ഭേദഗതികള്‍ ബംഗ്ലാദേശില്‍ പ്രധാനമന്ത്രിയുടെ അധികാരങ്ങളെ പരിമിതപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ഇനിയൊരു ഏകാധിപതി ഭരണം ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് ബംഗ്ലാദേശില്‍ ഈ മാറ്റം യാഥാര്‍ത്ഥ്യമായത്. യൂനുസിന്റെ ഇടക്കാല സര്‍ക്കാര്‍ ആണ് ഇത് പ്രാബല്യത്തില്‍ കൊണ്ടുവന്നത്.