പണം വാങ്ങിക്കോളൂ വോട്ട് വിസിലിന് :വിജയ്
സേലം: 'പണം വാങ്ങിക്കോളൂ, പക്ഷേ വോട്ട് ചെയ്യുമ്പോൾ വിസിൽ മുഴക്കൂ..." ഇന്നലെ സേലത്ത് നടന്ന പ്രചാരണയോഗത്തിൽ ടി.വി.കെ പ്രസിഡന്റ് വിജയ് ആഹ്വാനം ചെയ്തു. ഡിഎംകെയെ 'തിന്മ"യാണെന്നും ജനങ്ങൾക്ക് പണം നൽകി വോട്ട് വാങ്ങാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പറഞ്ഞു.
തമിഴ്നാട്ടിൽ വോട്ടിന് പണം നൽകുന്ന സംസ്‌കാരം അവസാനിക്കണം. വോട്ടുകൾ വിലയ്ക്ക് വാങ്ങാൻ ആർക്കും അവകാശമില്ല.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 'കലൈഞ്ജർ മഗളിർ ഉറിമൈ തൊഗൈ തിട്ടം' വഴി ഗുണഭോക്താക്കളായ സ്ത്രീകൾക്ക് അയ്യായിരം രൂപ വീതം വിതരണം ചെയ്തതിനെ വിമർശിക്കുന്നതായിരുന്നു വിജയ്‌യുടെ വാക്കുകൾ.
തിരഞ്ഞെടുപ്പ് പ്രലോഭനങ്ങളിൽ വീഴരുത്. ഞാൻ രാഷ്ട്രീയത്തിലേക്ക് വന്നത് വോട്ട് തേടിയല്ല, നീതി തേടിയാണ്. തമിഴ്നാട്ടിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയാണ് ലക്ഷ്യം. അഴിമതിയിലാണ് ഡി.എം.കെയ്ക്ക് അനുഭവപരിചയം. എനിക്ക് അഴിമതിയിൽ അനുഭവപരിചയമില്ല. എന്നാൽ ജനങ്ങൾക്ക് നല്ല ഭരണം നൽകാൻ അറിയാം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നത് ഡിഎംകെ സർക്കാരിന്റെ പരാജയമാണെന്നും വിജയ് ചൂണ്ടിക്കാട്ടി. റാലിക്ക് പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തന്നെ തടയാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
റാലി അനുവദിക്കാതെ 5,000 പേർ പങ്കെടുക്കുന്ന പൊതുസമ്മേളനം മാത്രമാണ് ടി.വി.കെയ്ക്ക് പൊലീസ് അനുവദിച്ചത്. റാലിക്കു വേണ്ടി തയ്യാറാക്കിയ വാഹനത്തിലാണ് വിജയ് വേദിയിൽ എത്തിയത്. സംസാരിച്ചതും വാഹനത്തിനു മുകളിൽ നിന്നാണ്.
ടി.വി.കെ സമ്മേളനം: കുഴഞ്ഞു വീണ് ഒരു മരണം
ചെന്നൈ: ടി.വി.കെയുടെ സേലം സമ്മേളനത്തിന് എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. കടുത്ത വെയിലിൽ നിരവധി പേർ കുഴഞ്ഞു വീഴുകയും ചെയ്തു. വർഷങ്ങളായി സേലത്ത് കുടുംബസമേതം കഴിയുന്ന മഹാരാഷ്ട്ര സ്വദേശിയായ സൂരജാണ് (37) മരിച്ചത്.ഈ യോഗത്തിൽ കസേരകൾ ഇട്ടിരുന്നില്ല. മൂന്ന് മണിക്കൂറിലധികം പ്രവർത്തകർക്ക് കത്തുന്ന വെയിലിൽ നിൽക്കേണ്ടി വന്നുവെന്നാണ് പരാതി. ബോധരഹിതനായി വീണ സൂരജിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.സെപ്തംബർ 27ന് കരൂരിൽ വിജയ് പങ്കെടുത്ത റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിക്കുകയും 60ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷമാണ് വിജയ് പങ്കെടുക്കുന്ന പരിപാടികൾക്ക് കർശന നിയന്ത്രണങ്ങൾ പൊലീസ് ഏർപ്പെടുത്തിയത്. കരൂർ ദുരന്തത്തിൽ സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്.