അണ്ടല്ലൂർ കാവ് ഇനി ഉത്സവ ലഹരിയിൽ
ധർമ്മടം: അണ്ടലൂർ കാവ് ഇനി ഉത്സവ ലഹരിയിലേക്ക്. വീടും പരിസരവും വൃത്തിയാക്കി അഗ്നിശുദ്ധി വരുത്തിയ ഉച്ചാർ ചടങ്ങുകൾ പൂർത്തിയായതോടെ ധർമ്മടം ഗ്രാമം ഒന്നടങ്കം വ്രതശുദ്ധിയിലായി. ഇന്നലെ മുതൽ ഗ്രാമവാസികൾ മദ്യവും മത്സ്യമാംസാദികളും വെടിഞ്ഞ് വ്രതം ആരംഭിച്ചു. പാകം ചെയ്യുന്ന പാത്രങ്ങൾ മുതൽ ധരിക്കുന്ന വസ്ത്രങ്ങൾ വരെ എല്ലാറ്റിലും പുത്തൻ മണം നിറച്ച് നാട് മുഴുക്കെ അണ്ടലൂർ ഉത്സവത്തിന്റെ പരിശുദ്ധിയിലാണ്. തേങ്ങ താഴ്ത്തൽ ചടങ്ങോടെ ഉത്സവത്തിന് തുടക്കമായി. ചക്ക താഴ്ത്തൽ, കുഴച്ചുൺ, കാവിൽ കയറൽ, സ്ഥാനം കയറൽ തുടങ്ങിയ ചടങ്ങുകൾ നാളെ നടക്കും. കുംഭം 3-ന് തന്നംകുടി, കൊടിയേറ്റം, കുടവരവ് എന്നിവയും 4-ന് പുലർച്ചെ മുതൽ കെട്ടിയാട്ടങ്ങളും തുടങ്ങും.
സീതയും മക്കളും സങ്കൽപ്പമായ അതിരാളനും മക്കളുമാണ് ആദ്യം. തുടർന്ന് തൂവക്കാലി, പൊൻമകൻ, മലക്കാരി, നാഗഭഗവതി, നാഗഭഗവാൻ, പുതുച്ചേവകൻ, വേട്ടക്കൊരുമകൻ കെട്ടിയാട്ടങ്ങൾ നടക്കും. രാവിലെയും ഉച്ചയ്ക്കും ബാലി, സുഗ്രീവൻ, ബപ്പൂരൻ തെയ്യങ്ങൾ ഉറഞ്ഞാടും. സന്ധ്യയോടെ പ്രധാന പ്രതിഷ്ഠാ മൂർത്തികളായ ദൈവത്താറീശ്വരനും അങ്കക്കാരനും ബപ്പൂരനും മുടിയണിഞ്ഞ് ഭക്തരെ അനുഗ്രഹിക്കും. രാത്രി വൈകി താഴേക്കാവിലേക്ക് എഴുന്നള്ളി ആട്ടവും നടക്കും. രാവണവധത്തിന് ശേഷം സീതയെ വീണ്ടെടുത്തതിന്റെ ആഹ്ലാദസൂചകമായി വാനരപ്പടയായ വില്ലുക്കാർക്കൊപ്പം മേലേക്കാവിലേക്ക് തിരിച്ചെഴുന്നള്ളുന്നതോടെ ഒന്നാം ദിനത്തിലെ ഉത്സവം സമാപിക്കും. തുടർന്ന് 5, 6, 7 ദിവസങ്ങളിലും ഇതേ കെട്ടിയാട്ടങ്ങൾ ഉണ്ടാകും.
രാമായണ കഥ കെട്ടിയാടുന്ന അപൂർവ്വം കാവുകളിലൊന്നായ അണ്ടലൂർ കാവ് പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെ ഇപ്പോൾ കൂടുതൽ ഭംഗി ആയിട്ടുണ്ട്. 2006 മുതൽ ഘട്ടം ഘട്ടമായി നടന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്ന് ശ്രീകോവിലുകൾ, മുല്ലപ്രം ഭഗവതി ക്ഷേത്രം, അണിയറ, ഗോപുരം എന്നിവ പുനർനിർമ്മിച്ചു.