മാർക്ക്ദാന വിവാദത്തിന് മീതെ ആക്ഷേപങ്ങളുടെ പുകമറ; ചെന്നിത്തലയുടെ മകനു നേരെ ജലീലിന്റെ ഒളിയമ്പ്
കാസർകോട്: സംസ്ഥാന രാഷ്‌ട്രീയത്തിൽ കോളിളക്കമുണ്ടാക്കുന്ന, എം.ജി സർവകലാശാലാ മാർക്ക് ദാന വിവാദത്തിൽ തനിക്കെതിരെ ആരോപണ ശരങ്ങളെറിഞ്ഞ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന്റെ
സിവിൽ സർവീസ് വിജയത്തെക്കുറിച്ച് മന്ത്രി കെ. ടി ജലീലിന്റെ ഒളിയമ്പോടെ വിഷയം വ്യക്തിപരമായ അധിക്ഷേപത്തിന്റെ പോർമുഖം തുറന്നു. നേതാവ് ആരെന്ന് പേരെടുത്തു പറയാതെയായിരുന്നു ജലീലിന്റെ ആരോപണം. ഇതിനെതിരെ ശക്തമായി പ്രതികരിച്ച രമേശ് ചെന്നിത്തല, തന്നെപ്പറ്റി ഒന്നും പറയാനില്ലാത്തതിനാൽ വീട്ടിലിരിക്കുന്ന കുട്ടികളെപ്പറ്റി പറഞ്ഞത് മോശമായിപ്പോയെന്ന് കൊച്ചിയിൽ പ്രതികരിച്ചു. അതേസമയം, മാർക്ക് ദാന വിവാദത്തിൽ എം. ജി. യൂണിവേഴ്‌സിറ്റി വി. സിയോട് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി.
കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് 2017ലെ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം ലഭിച്ചതിനെപ്പറ്രി അന്വേഷിക്കണമെന്നാണ് ജലീൽ കാസർകോട്ട് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടത്. സിവിൽ സർവീസ് എഴുത്തു പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അനുദീപ് ഷെട്ടിയെക്കാൾ 30 മാർക്ക് അഭിമുഖ പരീക്ഷയിൽ പ്രമുഖ നേതാവിന്റെ മകനു കിട്ടി. ഇതിനായി ഡൽഹിയിൽ 'ലോബിയിംഗ്' നടത്തിയവർ തങ്ങളെപ്പോലെയാണ് മറ്റുള്ളവരുമെന്നു കരുതിയാൽ അവരെ കുറ്റപ്പെടുത്താനാവില്ല. പ്രതിപക്ഷ നേതാവ് തന്നെ ഇക്കാര്യം അന്വേഷിക്കാൻ ആവശ്യപ്പെടണം. പി.എസ്.സിയുടെ മാത്രമല്ല യു.പി.എസ്.സിയുടെയും സുതാര്യത നിലനിറുത്താൻ നടപടി വേണമെന്നും ജലീൽ ആവശ്യപ്പെട്ടു.
സിവിൽ സർവീസിനെപ്പറ്റി ജലീലിന് അറിയില്ല :ചെന്നിത്തല
സിവിൽ സർവീസ് പരീക്ഷയെക്കുറിച്ച് മന്ത്രി കെ.ടി. ജലീലിന് ധാരണയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. തന്നെ നേരിടാൻ മകനെതിരെ ആരോപണം ഉന്നയിക്കേണ്ടിയിരുന്നില്ല. വീട്ടിലിരിക്കുന്ന കുട്ടികളെക്കുറിച്ച് പറയുന്നത് മോശമാണ്. മകന് സിവിൽ സർവീസിൽ 210-ാം റാങ്കായിരുന്നു. പേഴ്സണൽ ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് ലഭിച്ചു. 500 ന് അപ്പുറം റാങ്കുകിട്ടിയ കുട്ടിക്കും പേഴ്സണൽ ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ഐ.ആർ.എസിൽ ഡെപ്യൂട്ടി കമ്മിഷണറാണ്. അവന് ഐ.എ.എസാണ് മോഹം. അതിനാൽ വീണ്ടും സിവിൽ സർവീസ് പരീക്ഷ എഴുതുകയാണ്. ഇതൊന്നുമറിയാതെയാണ് ജലീലിന്റെ ആരോപണം. സിവിൽ സർവീസിനെക്കുറിച്ച് ചീഫ് സെക്രട്ടറിയോട് ചോദിച്ച് പഠിക്കണം. മോഡറേഷൻ നിറുത്തലാക്കണമെന്ന് പറഞ്ഞിട്ടില്ല. ഒരു കുട്ടിക്ക് മാത്രം എങ്ങനെ മോഡറേഷൻ ലഭിച്ചുവെന്നതിനാണ് മറുപടി വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
മോഡറേഷൻ വേണ്ടെങ്കിൽ ചെന്നിത്തല പറയണം: ജലീൽ
എം.ജി സർവകലാശാലയിൽ മാർക്ക്ദാനമെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം പച്ചക്കള്ളമാണെന്ന് ജലീൽ പറഞ്ഞു. മോഡറേഷനെയാണ് മാർക്ക് ദാനമെന്ന് വിളിക്കുന്നത്. ചരിത്രത്തിൽ ആദ്യമായല്ല മോഡറേഷൻ നൽകുന്നത്. ഒരാൾക്കു മാത്രമല്ല നിരവധി പേർക്ക് മോഡറേഷൻ നൽകി. മോഡറേഷൻ നിറുത്തണമെന്ന് പ്രതിപക്ഷ നേതാവിന് അഭിപ്രായമുണ്ടെങ്കിൽ തുറന്നുപറയണം. മോഡറേഷൻ തീരുമാനിച്ചത് അദാലത്തിലല്ല, സിൻഡിക്കേറ്റിലാണ്. തന്റെ പ്രൈവറ്റ് സെക്രട്ടറി ഒപ്പിട്ട രേഖ പ്രതിപക്ഷ നേതാവ് ഹാജരാക്കിയിട്ടില്ല. ഇത്തരം ഗിമ്മിക്കുകൾ കൊണ്ട് ഇടതുപക്ഷത്തിന്റെ വിജയം തടഞ്ഞ് നിറുത്താമെന്ന് യു.ഡി.എഫ് കരുതേണ്ടെന്നും ജലീൽ പറഞ്ഞു.