തിരുവില്വാമലയിൽ ആയിരങ്ങളെത്തി
Saturday 14 February 2026 12:48 AM IST
തിരുവില്വാമല: ഏകാദശി നാളിൽ വില്വാദ്രിനാഥനെ തൊഴുതുവണങ്ങാൻ വ്രതമെടുത്ത് ആയിരങ്ങൾ വില്വാദ്രിനാഥ സന്നിധിയിലെത്തി. പൂമാലകളും കുലവാഴവിതാനവും കൊണ്ട് അലങ്കരിച്ച അമ്പലമുറ്റത്ത് ആയിരങ്ങളാണ് ദർശനസായൂജ്യത്തിനായി കാത്തുനിന്നത്. പുലർച്ചെ ക്ഷേത്രത്തിനകത്ത് കൂത്തുമാടത്തിൽ നങ്ങ്യാർകൂത്തോടെയാണ് ഏകാദശിച്ചടങ്ങുകൾക്ക് തുടക്കമായത്. ക്ഷേത്രം ഇന്നലെ മുഴുവൻ സമയവും തുറന്നിട്ടിരുന്നു. മണ്ണൂർ രാജകുമാരനുണ്ണിയുടെ നേതൃത്വത്തിൽ ത്യാഗരാജ പഞ്ചരത്‌ന കീർത്തനാലാപനം, നൃത്തം, ഓട്ടൻതുള്ളൽ, ഇരട്ടത്തായമ്പക, കൃഷ്ണനാട്ടം, ശീവേലി എഴുന്നള്ളിപ്പ്, വിളക്കാചാരം എന്നിവയും നടന്നു. പതിവുതെറ്റാതെ കുംഭാര സമുദായക്കാർ ക്ഷേത്രസന്നിധിയെ രാമമന്ത്ര മുഖരിതമാക്കി കുംഭാര സേവയ്ക്കായി എത്തിയിരുന്നു. ഇന്ന് ദ്വാദശി ഊട്ടോടെ ഏകാദശി ഉത്സവം സമാപിക്കും.