ബഡ്‌ജറ്റ് സമ്മേളനത്തിന്റെ ഒന്നാം ഘട്ടം വിവാദങ്ങളിൽ മുങ്ങി
ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറും മുൻ സേനാ മേധാവി എം.എം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ഓർമ്മക്കുറിപ്പുകളുടെ വെളിപ്പെടുത്തലും പ്രക്ഷുബ്‌ധമാക്കിയ പാർലമെന്റിന്റെ ബഡ്‌ജറ്റ് സമ്മേളനത്തിന്റെ ആദ്യ പാദത്തിന് കൊടിയിറങ്ങി. രണ്ടാം പാദം മാർച്ച് 9ന് ആരംഭിക്കും. സ്റ്റാന്റിംഗ് കമ്മിറ്റികൾക്ക് കേന്ദ്ര ബഡ്‌ജറ്റിൽ വിവിധ കേന്ദ്ര മന്ത്രാലയങ്ങൾക്കുള്ള വിഹിതം പരിശോധിക്കാനുള്ളതാണ് മൂന്നാഴ്ചത്തെ ഇടവേള.
ഇന്നലെ എപ്‌സ്‌റ്റീൻ ഫയൽ വെളിപ്പെടുത്തലിന്റെ പേരിൽ കേന്ദ്രമന്ത്രി ഹർദീപ് പുരിയുടെ രാജി ആവശ്യപ്പെട്ടും ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാറിനെ ചൊല്ലിയുമുള്ള ബഹളത്തിൽ ലോക്‌സഭ ഒരു മണിക്കൂർ നിർത്തിവച്ച ശേഷം 12മണിക്ക് പിരിയുകയായിരുന്നു.
ജനുവരി 28നാണ് സമ്മേളനം തുടങ്ങിയത്. രാഷ്ട്രപതിയുടെ
നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്‌ക്കിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 2020-ലെ ഇന്ത്യ-ചൈന സംഘർഷവുമായി ബന്ധപ്പെട്ട് മുൻ സൈനിക മേധാവി നരവനെയുടെ ഓർമ്മക്കുറിപ്പിലെ വെളിപ്പെടുത്തൽ ഉദ്ധരിക്കാൻ ശ്രമിച്ചതാണ് നാടകീയ രംഗങ്ങൾക്ക് തുടക്കം കുറിച്ചത്. പിന്നീട് രാഹുലിന്റെ പ്രസംഗം തടഞ്ഞതിനെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ മേശയിൽ കയറി കടലാസ് കീറി എറിഞ്ഞ എട്ട് അംഗങ്ങളെ സസ്‌പെൻഡ് ചെയ്‌തു. രാഹുലിന്റെ പ്രസംഗം തടഞ്ഞതും അംഗങ്ങളുടെ സസ്‌പെൻഷനും അടുത്ത ദിവസങ്ങളിലും സഭയെ പ്രക്ഷുബ്‌ധമാക്കി. പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗമില്ലാതെയാണ് നന്ദിപ്രമേയം പാസാക്കിയത്.
കോൺഗ്രസ് വനിതാ അംഗങ്ങൾ പ്രധാനമന്ത്രിയെ ഖെരാവോ ചെയ്യാൻ പദ്ധതിയിട്ടെന്ന ആരോപണത്തിന്റെ പേരിൽ പ്രതിപക്ഷം സ്‌പീക്കർ ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ പ്രമേയം നൽകിയതിനും സഭ സാക്ഷിയായി. സ്‌പീക്കർ സഭയിൽ നിന്ന് വിട്ടു നിന്നു. പ്രമേയം രണ്ടാം പാദത്തിൽ സഭയുടെ മുമ്പാകെ വന്നേക്കും. പ്രധാനമന്ത്രിക്കെതിരായ ആരോപണത്തിന്റെ പേരിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കണമെന്ന ബി.ജെ.പിയുടെ പ്രമേയവും സഭയ്‌ക്ക് മുന്നിലുണ്ട്.
ബഹളത്തിനിടെ ലോക്‌സഭ ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് ഭേദഗതി നിയമം പാസാക്കി.