എ.ഐ ഉച്ചകോടിക്ക് ടെക് ഭീമന്മാർ ഇന്ത്യയിലേക്ക്; സ്യൂട്ടിന് 30 ലക്ഷം
ന്യൂഡൽഹി: ഡൽഹി ഒരുങ്ങുകയാണ് രാജ്യത്തെ ആദ്യ എ.ഐ (നിർമ്മിതബുദ്ധി) ഉച്ചകോടിക്കായി. ഭാരത് മണ്ഡപത്തിൽ 16 മുതൽ 20 വരെ നടക്കുന്ന ഉച്ചകോടിയിൽ രാഷ്ട്രത്തലവൻമാരും ടെക് ഭീമന്മാരും പങ്കെടുക്കും. പീപ്പിൾ- പ്ളാനറ്റ്- പ്രോഗ്രസ് എന്നതാണ് ഉച്ചകോടിയുടെ ആപ്തവാക്യം.
ആഗോള എ.ഐ അജൻഡ രൂപീകരിക്കുന്നതിൽ നിർണായകമാകുമെന്നാണ് പ്രതീക്ഷ. ബ്രസീൽ പ്രസിഡന്റ് ലുയിസ് ലുലാ ഡിസിൽവ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ, എസ്റ്റോണിയ പ്രസിഡന്റ് അലാർ കാരിസ്, ശ്രീലങ്കൻ പ്രസിഡന്റ് അനുരാ കുമാരാ ദിസ്സനായകെ, മൗറീഷ്യസ് പ്രധാനമന്ത്രി നവിൻ രാംഗൂലം, ഇറാൻ ഐ.ടി മന്ത്രി സത്താർ ഹഷേമി തുടങ്ങിയവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമാകും.
മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, അഡോബ് സി.ഇ.ഒ ശാന്തനു നരായെൻ, ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകനി, ടാറ്റ സൺസ് ചെയർമാൻ നടരാജൻ ചന്ദ്രശേഖരൻ, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ, ഓപ്പൺ എ.ഐയുടെ സി.ഇ.ഒ സാം ആൾട്ട്മാൻ, എൻവിഡിയ സ്ഥാപകൻ ജെൻസൻ ഹുയാങ്, ഗൂഗിൾ ഡിപ് മൈൻഡ് സഹസ്ഥാപകൻ ഡെമിസ് ഹസ്സാബിസ് തുടങ്ങിയവരും പങ്കെടുക്കും.
35000 പ്രതിനിധികൾ
65 രാജ്യങ്ങളിൽ നിന്നായി 35000ൽപ്പരം ഡെലിഗേറ്റുകൾ.
40ൽപ്പരം ആഗോള കമ്പനികളുടെ പ്രതിനിധികൾ.
5 ദിവസങ്ങളിലായി 700ൽപ്പരം സെഷനുകൾ
എ.ഐ നയം,ഗവേഷണം,വ്യവസായം,പൊതുജന പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളിൽ സെഷനുകൾ
മൂന്നു ലക്ഷത്തിൽനിന്ന്
30 ലക്ഷത്തിലേക്ക് സ്യൂട്ട് വാടക
താജ് പാലസിലെ പ്രസിഡൻഷ്യൽ സ്യൂട്ടിനും, ഒബ്റോയിലെ ആഡംബര സ്യൂട്ടിനും, ഐ.ടി.സി മൗര്യയിലെ ചാണക്യ സ്യൂട്ടിനും നിരക്ക് കുതിച്ചുയർന്നു. മൂന്നു ലക്ഷം രൂപ വരെ ദിവസനിരക്കുണ്ടായിരുന്ന സ്യൂട്ട് മുറികൾക്ക് 30 ലക്ഷത്തിനടുത്താണ് നിരക്കെന്ന് അറിയുന്നു. ലോകനേതാക്കൾ താമസിക്കാറുള്ള ചാണക്യ സ്യൂട്ടിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസും, പ്രൈവറ്റ് ജിമ്മും അടക്കമുണ്ട്.