ബാലികയെ മാനഭംഗപ്പെടുത്തിയ കേസിൽ പ്രതിക്ക് ആറുവർഷം കഠിനതടവും പതിനായിരം രൂപ പിഴയും

Saturday 14 February 2026 1:41 AM IST

നാദാപുരം: ബാലികയെ മാനഭംഗപ്പെടുത്തിയ കേസിൽ പ്രതിക്ക് ആറു വർഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം പോക്സോ കോടതി. രണ്ടാംക്ലാസ് വിദ്യാർത്ഥിനിയായ കുട്ടിയെ 2019 ഏപ്രിൽ പതിനേഴാം തിയതി വിവാഹ വീട്ടിലെ കല്യാണപ്പന്തലിൽ വച്ച് ലൈംഗിക ഉദ്ദേശത്തോടെ അതിക്രമത്തിന് വിധേയമാക്കിയ കേസിലാണ് പ്രതി കൽപ്പത്തൂർ തട്ടാൻ കണ്ടി കോളനിയിൽ ദാമോദരനെ (62) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ കെ.മേനോൻ ശിക്ഷിച്ചത്. പീഡനത്തിനിരയായ വിദ്യാർത്ഥിനി വിവരം സ്കൂൾ അദ്ധ്യാപികയെ അറിയിച്ചതിനെ തുടർന്ന് സ്കൂൾ പ്രധാനദ്ധ്യാപകൻ പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും അതിജീവിതയുടെ വീട്ടിൽ പൊലീസെത്തി മൊഴിയെടുക്കുകയുമായിരുന്നു.

പേരാമ്പ്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം നടത്തിയത് സബ് ഇൻസ്‌പെക്ടർ കെ.സജി അഗസ്റ്റിൻ, എ.എസ്.ഐ. സി.ശ്രീജ എന്നിവരാണ്. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് ഒമ്പത് സാക്ഷികളെ വിസ്‌തരിക്കുകയും. 14 രേഖകൾ ഹാജറാക്കുകയും ചെയ്തു. പ്രോസി ക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ മനോജ്‌ അരൂർ ഹാജരായി.