താമരശ്ശേരിയിൽ യുവാവിന്റെ പരാക്രമം; കാർ ഇടിച്ചുതകർത്തു, മില്ലിന് തീയിട്ടു
താമരശ്ശേരി: താമരശ്ശേരിക്ക് സമീപം വെളിമണ്ണയിൽ യുവാവിന്റെ പരാക്രമം. റോഡരികിൽ നിർത്തിയിട്ട കാർ പിക്കപ്പ് വാൻ ഉപയോഗിച്ച് ഇടിച്ച് തകർത്തു, ശേഷം വെളിമണ്ണ മേലേടത്ത് ജബ്ബാറിന്റെ വെളിച്ചെണ്ണ മില്ലിന് തീയിട്ടു, സമീപത്ത് നിർത്തിയിട്ട ആംബുലൻസിന്റെ ടയറും കത്തിനശിച്ചു. വെളിമണ്ണ വടക്കേപറമ്പിൽ ആലിക്കുട്ടിയുടെ മകൻ അബ്ദുൽ റാസിഖാണ് പരാക്രമണം നടത്തിയത്.
ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവങ്ങൾക്ക് തുടക്കം. താമരശ്ശേരി ചുങ്കത്ത് റോഡരികിൽ നിർത്തിയിട്ട ആബുലൻസ് പ്രതി എടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും ശ്രമം പരാജയപ്പെട്ടു. തുടർന്ന് നിരവധി വാഹനങ്ങൾക്ക് കൈകാണിച്ചതായി നാട്ടുകാർ പറയുന്നു. പിന്നീട് സമീപത്തുനിന്നും നിർത്തിയിട്ട പിക്കപ്പ് വാൻ എടുത്ത് സ്ഥലംവിട്ട പ്രതി ഈ പിക്കപ്പ് വാൻ ഉപയോഗിച്ചാണ് വെളിമണ്ണയിൽ എത്തി പുലർച്ചെ 2.30 ഓടെ റോഡരികിൽ നിർത്തിയിട്ട കാർ ഇടിച്ചു തകർത്തു. അവിടെ നിന്നും കടന്ന പ്രതി സമീപത്തെ വെളിച്ചെണ്ണ മില്ലിന് തീയിടുകയായിരുന്നു. സമീപത്തെ വീട്ടുകാർ ഉണർന്നതിനെ തുടർന്ന് ഇവിടെ നിന്നും രക്ഷപ്പെട്ടു, ഇതിനു ശേഷം ഓമശ്ശേരി മങ്ങാടുള്ള പെട്രോൾ പമ്പിലെത്തിയ പ്രതി വാനിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് പമ്പിൽ നിർത്തിയിട്ടിരുന്ന മറ്റൊരു പ്പിക്കപ്പ് വാൻ എടുത്ത് അവിടെ നിന്നും സ്ഥലം വിട്ടു. ഈ പിക്കപ്പ് വെളിമണ്ണയിലെ ഒരു വീടിന്റെ പോർച്ചിൽ കയറ്റിവച്ചിട്ടുണ്ട്. പെട്രോൾ പമ്പിലെ സി.സി.ടി വിയിൽ പ്രതിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.