നേമം സഹകരണ ബാങ്ക് ക്രമക്കേട്: അന്വേഷണം മന്ദഗതിയിലെന്ന് ആക്ഷേപം

Saturday 14 February 2026 1:51 AM IST

നേമം: നേമം സഹകരണ ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച അന്വേഷണം മന്ദഗതിയിലെന്ന് നിക്ഷേപകരുടെ പരാതി.രണ്ട് മുൻ സെക്രട്ടറിമാരെയും ഒരു മുൻ പ്രസിഡന്റിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിൽ ഒരു സെക്രട്ടറി മാത്രമാണ് ഇപ്പോൾ ജയിലിലുള്ളത്.ജാമ്യം ലഭിച്ചതിനാൽ മറ്റ് രണ്ടുപേർ പുറത്താണ്. ഇ.ഡി അന്വേഷണത്തിൽ മറ്റ് പ്രതികളിൽ പലരുടെയും അറസ്റ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ലെന്ന് നിക്ഷേപകർ ചൂണ്ടികാട്ടുന്നു.

മന്ത്രി വി.ശിവൻകുട്ടി പങ്കെടുത്ത കൺവെൻഷനിൽ നൽകിയ ഉറപ്പുകൾ ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്ന് നിക്ഷേപകർ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയാൽ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും നിക്ഷേപകർ വഞ്ചിതരാകുമെന്നും അവർ കരുതുന്നു.

മുഴുവൻ പ്രതികളുടെയും വസ്തുവകകൾ കണ്ടുകെട്ടി നിക്ഷേപകർക്ക് പണം തിരികെ നൽകാൻ നടപടി കൈക്കൊള്ളണമെന്ന് നിക്ഷേപക കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്‌മാനും കൺവീനർ കൈമനം സുരേഷും ആവശ്യപ്പെട്ടു.