സമ്മർദ്ദം ശക്തമാക്കി യു.എസ്: ഇറാനെ ഉന്നമിടാൻ 'ജെറാൾഡ് ആർ. ഫോർഡ് "

Saturday 14 February 2026 7:06 AM IST

വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ യു.എസിന്റെ " യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡ് " മിഡിൽ ഈസ്റ്റിലേക്ക്. ഇറാനുമായി സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് യു.എസിന്റെ നിർണായക നീക്കം. കരീബിയൻ കടലിൽ നിലയുറപ്പിച്ചിരുന്ന ജെറാൾഡ് ആർ. ഫോർഡ് മിഡിൽ ഈസ്റ്റിലേക്ക് യാത്ര തുടങ്ങിയെന്നാണ് വിവരം. ഒരാഴ്ച കൊണ്ട് എത്തിച്ചേരും. യു.എസ്.എസ് ജോർജ് എച്ച്.ബ്ല്യു ബുഷ് വിമാനവാഹിനിയെ മേഖലയിലേക്ക് അയയ്ക്കാനായിരുന്നു യു.എസ് നേരത്തെ തീരുമാനിച്ചത്. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്താൻ കാലതാമസമുണ്ടാകുമെന്നതിനാൽ തീരുമാനം മാറ്റി. വെനസ്വലേയിൽ നിന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യയേയും പിടികൂടിയ യു.എസ് ദൗത്യത്തിന്റെ ഭാഗമായിരുന്നു ജെറാൾഡ് ആർ. ഫോർഡ്. 1,106 അടി നീളമുള്ള കപ്പലിന് 90 ഓളം യുദ്ധവിമാനങ്ങളെ വഹിക്കാനാകും. അകമ്പടി കപ്പലുകളും ഒപ്പമുണ്ട്. നിലവിൽ യു.എസ്.എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിയുടെ നേതൃത്വത്തിലെ യു.എസ് നാവിക വ്യൂഹം അറബിക്കടലിൽ തുടരുകയാണ്. ജെറാൾഡ് ആർ. ഫോർഡ് കൂടി എത്തുന്നതോടെ ഇറാന് മേലുള്ള സമ്മർദ്ദം ശക്തമാകും. യു.എസുമായി ഇറാൻ ആണവ ചർച്ച തുടരുന്നുണ്ടെങ്കിലും ബാലിസ്റ്റിക് മിസൈലുകളെ നിയന്ത്രിക്കണമെന്ന യു.എസിന്റെ ആവശ്യത്തെ തള്ളിയിരുന്നു.