കർണാടകയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ ഏഴുപേരുടെ മരണം: കാർ പാഞ്ഞത് 160 കിലോമീ​റ്റർ വേഗത്തിൽ

Saturday 14 February 2026 4:06 PM IST

ബംഗളൂരു:കർണാടകയിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ ഏഴുപേർ മരിക്കാനിടയായ ഇന്നലത്തെ അപകടത്തിന് കാരണം കാറിന്റെ അമിതവേഗതയായിരുന്നെന്ന് പൊലീസ്. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ 150-160 കിലോമീ​റ്റർ വേഗത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അമിത വേഗത്തിലെത്തിയ കാർ ബൈക്കിലും ലോറിയിലും ഇടിച്ചുകയറുകയായിരുന്നു. കാറിൽ യാത്രക്കാരായ ആറ് വിദ്യാർത്ഥികളും ബൈക്ക് യാത്രക്കാരനുമാണ് മരിച്ചത്.

വർക്കല ചെറുന്നിയൂർ ചെക്കാല വിളാകത്തിൽ ടി.എസ്.അജിത്തിന്റെയും സ്മിത നായരുടെയും മകൻ അശ്വിൻ നായർ, പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് ഏണാട്ടു തോമസ് ജോർജ് – പേൾ ജോർജ് ദമ്പതികളുടെ മകൻ ഈതൻ ജോൺ ജോർജ്, കൊത്തന്നൂർ സ്വദേശികളായ അർഹാൻ ഷെരീഫ്, അയാൻ അലി, ഫർഹാൻ, ഭരത്, ബൈക്ക് യാത്രക്കാരൻ ഗഗൻ (26) എന്നിവരാണു മരിച്ചത്. സാ​റ്റലൈ​റ്റ് ടൗൺ റിംഗ റോഡിൽ ഹൊസ്‌കോട്ടെ–ദൊബാസ്‌പേട്ട് ഇടനാഴിയിലെ സത്യവാരയിൽ പുലർച്ചെ 5.30നായിരുന്നു അപകടം. ആദ്യം ഗഗന്റെ ബൈക്കിലാണ് കാറിടിച്ചത്. തെറിച്ചുവീണ അയാൾ തൽക്ഷണം മരിച്ചു. ഗഗനെ ഇടിച്ചിട്ട് മുന്നോട്ടു നീങ്ങിയ കാർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി തലകീഴായി മറിഞ്ഞു. ലോറിയിലിടിച്ചശേഷം റോഡിലെ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറിയ എസ് യു വി അതിൽ ഏറെദൂരം ഉരസിയതിനുശേഷമാണ് നിന്നത്. കാർ പൂർണമായും തകർന്നിട്ടുണ്ട്.

അയാൻ അലിയുടെ പിതാവിന്റേതാണ് കാർ. പരീക്ഷ കഴിഞ്ഞതിന്റെ സന്തോഷം പങ്കിടാനുളള യാത്രയാണ് ഇവരുടെ ജീവനെടുത്തത്. അപകടത്തിൽ ലോറി ഡ്രൈവർക്കും പരിക്കേറ്റു. എന്നാൽ നില ഗുരുതരമല്ല.