ലാസ്യവും, ആലസ്യവും, കൂട്ടായി കുറെ മനുഷ്യരും!

Sunday 15 February 2026 12:17 AM IST

'മനുഷ്യന്റെ പ്രധാന ശത്രുക്കളിൽ ഒരാളായി ഞാൻ മനസിൽ കുറിച്ചിട്ടിരിക്കുന്ന, യാതൊരു വ്യക്തിത്വവുമില്ലാത്തൊരു പേരുണ്ട്! ഞാൻ കുറിച്ചിട്ടത് മനസിലാണെങ്കിലും, അവന്റെ സ്ഥിരവാസസ്ഥലവും മനുഷ്യമനസ് തന്നെയാണ് എന്നതാണേറ്റവും വലിയ വിരോധാഭാസം! അവനെ കാണിച്ചു തരാൻ ആർക്കും കഴിയില്ല. എന്നാലും പേരുപറഞ്ഞാൽ നന്നായിട്ടറിയും,'മടി" അഥവാ 'അലസത"യെ നിങ്ങൾക്കറിയില്ലേ? നിങ്ങൾക്കവനെ കാണാൻ കഴിയാതെ പോയിട്ടുണ്ടെങ്കിൽ സംശയമൊന്നുമില്ല, ഈ ചിരഞ്ജീവി ഇത്രയും നേരം നിങ്ങളുടെ ചിന്തയെ ചെറിയൊരളവിൽ തടസപ്പെടുത്തി ചുറ്റിപ്പിടിച്ചിരിക്കുകയായിരുന്നില്ലേ. പാശ്ചാത്യനാടുകളിൽ, കൃത്യമായി പറഞ്ഞാൽ യവനപുരാണങ്ങളിൽ, മടി (laziness)അലസത (indolence)ക്ക് ഒരുദേവതയുണ്ടത്രെ! മന്ദത(idleness) യുടെ മൂർത്തീഭാവമാണ് (personification) ഏർജിയ (Aergia). ഗ്രീക്ക് പുരാണത്തിൽ: ഏർജിയ (Aergia) അലസതയുടെ ദേവതയാണ്. എന്നാൽ,ഭാരതത്തിലുമിങ്ങനെ ചില വിശ്വാസങ്ങൾ നിലനിന്നിരുന്നതായി കാണുന്നുണ്ട്. അലസതയുടെയും വൃത്തിഹീനതയുടെയും പ്രതീകമായി 'ജ്യേഷ്ഠാ ദേവി"യെ (Jyeshta Devi),എന്താ,മനസിലായില്ലേ, നമ്മുടെ മൂദേവിയെ, കണക്കാക്കുന്നു. 'മടി"(Sloth) ഒരുനിരുപദ്രവകാരിയാണെന്ന ചിന്തയിൽ, 'ഏർജിയ'(Aergia)യെഒരു ദേവതയായിതന്നെ കരുതിവരുന്നു. എന്നാലെന്റെ അഭിപ്രായത്തിൽ,നമുക്ക് അങ്ങനെയൊരു ദേവതകൂടിവേണ്ട, നിങ്ങൾക്കാർക്കെങ്കിലും വേണോ?"

എല്ലാവരേയും വാത്സല്യപൂർവം നോക്കിപുഞ്ചിരിച്ചുകൊണ്ട്,പ്രഭാഷകൻ തുടർന്നു:" കുറച്ചുനാൾമുമ്പ്,ഒരു ഏഴാം ക്ലാസുകാരൻ എന്നോടു ചോദിച്ചു: 'സാർ,ലാസ്യം,ആലസ്യം ഇവ തമ്മിലെന്തെങ്കിലും വ്യത്യാസമുണ്ടോ?ഞാനത് ഒന്നുകൂടിനോക്കിയിട്ടു പറയാമെന്നറിയിച്ചു. ഭാരതീയ നൃത്തരൂപങ്ങളിലെ ലാസ്യവും (Lasyam), താണ്ഡവവും (Tandavam) പ്രധാനപ്പെട്ട രണ്ട് നൃത്തശൈലികളാണ്. ലാസ്യമെന്നത് ശ്രീപാർവതിദേവി അവതരിപ്പിച്ച, ശൃംഗാരരസവും കോമളത്വവും (graceful/feminine) നിറഞ്ഞ നൃത്തരീതിയാണ്. ഇത് ഭംഗി, സന്തോഷം, മൃദുലമായ ചലനങ്ങളെന്നിവയെ സൂചിപ്പിക്കുന്നു. ലാസ്യം. സ്ത്രീസഹജമായ, സുകുമാരമായ ചലനങ്ങളോടുകൂടിയ നൃത്തമാണ്. ഇതിന്റെ ഭാവം പ്രധാനമായും ശൃംഗാരരസത്തിന് മുൻഗണന നൽകുന്നു. ഉത്ഭവം പുരാണങ്ങളിൽ നിന്നാണ്: പാർവതിദേവി ഈ നൃത്തം ബാണാസുരന്റെ മകളായ ഉഷയെയും, പിന്നീട് അവരിലൂടെ മറ്റ് സ്ത്രീകളെയും പഠിപ്പിച്ചതായി വിശ്വസിക്കപ്പെടുന്നു. ഇതിന്റെ സവിശേഷതകൾ: കോമളമായ കൈമുദ്രകൾ, ശരീരചലനങ്ങൾ, സുകുമാരമായ ചുവടുകൾ. ഉദാഹരണം: മോഹിനിയാട്ടം. ശിവന്റെ താണ്ഡവം ഊർജ്ജത്തെയും (Masculine energy) പാർവതിയുടെ ലാസ്യം സൗന്ദര്യത്തെയും (Feminine beauty) പ്രതിനിധീകരിക്കുന്നു. ജോലികളിൽശ്രദ്ധക്കുറവ്, അലസത, താല്പര്യമില്ലായ്മ എന്നിവയെ സൂചിപ്പിക്കാൻ ആലസ്യം എന്ന വാക്ക് നമ്മളുപയോഗിക്കുന്നു. ജോലിചെയ്യാനുള്ള മടി. ഉത്സാഹമില്ലായ്മ (Lack of enthusiasm/Sloth): ഒന്നിനും താല്പര്യം തോന്നാത്ത അവസ്ഥ. ക്ഷീണം (Fatigue)എന്നിങ്ങനെ കേട്ടപ്പോൾ ആ കുട്ടി ഒന്നുകൂടി മിടുക്കനായി!

നമ്മളോ?ഒരുയുവാവ്,ഒരുവീഞ്ഞപ്പെട്ടിയുടെ മുകളിലിരുന്ന് വർഷങ്ങളായി ഭിക്ഷാടനം ചെയ്യുകയായിരുന്നു. ഇവന് വല്ലപണിക്കും പൊയ്ക്കൂടെയെന്ന് മറ്റുള്ളവർ ചിന്തിച്ചു. ഒരുദിവസം,ഒരുസന്യാസി,യുവാവിനെ സമീപിച്ച് എന്താണ് നിങ്ങൾ നിങ്ങളുടെ യുവത്വത്തെ ഭിക്ഷയെടുത്ത് ഹോമിച്ചുകളയുന്നതെന്നു ചോദിച്ചു. തന്റെ അച്ഛനും,അപ്പൂപ്പനുമൊക്കെ ഭിക്ഷക്കാരായിരുന്നുവെന്നും,അവരിൽ നിന്നാണ് താനീ തൊഴിൽ പഠിച്ചതെന്നുമയാൾ അറിയിച്ചു. തലമുറകളായി അവർ ഉപയോഗിച്ചുവന്നിരുന്ന ആ വീഞ്ഞപ്പെട്ടിയിലാണ് താനും ഭിക്ഷയെടുക്കുന്നതിനുള്ള ഇരിപ്പിടം കണ്ടെത്തിയതെന്നുകൂടി പറഞ്ഞു. സന്യാസി, യുവാവിനെ സ്നേഹപൂർവം നിർബന്ധിച്ച് ആ പെട്ടിയിൽനിന്നും താഴെയിറക്കി. അദ്ദേഹം, അനേകം വർഷങ്ങൾക്കുശേഷം ആ പെട്ടിയുയർത്തി നോക്കി. യുവാവ് ഞെട്ടി!അതിനടിയിൽ നിറയെ അയാളുടെ അഞ്ചുതലമുറകൾക്ക് മുമ്പുള്ള അപ്പൂപ്പൻ കരുതിവെച്ചിരുന്ന സ്വർണ്ണനാണയങ്ങളായിരുന്നു കണ്ടോ,'മടി"വിട്ടിറങ്ങിയപ്പോൾ കണ്ട മാജിക്,അപ്പോൾ,നിങ്ങളും,അലസത വിട്ടെഴിക്കുമെന്നുതന്നെയാണോ?"സദസിൽ നിന്നുയർന്ന കൂട്ടച്ചിരിയിൽ,പ്രഭാഷകന്റെചിരിയുമുണ്ടായിരുന്നു.