തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു, നടപടിയെടുക്കാതെ ത്രിതല പഞ്ചായത്ത് അധികാരികൾ
പാലോട്: ഗ്രാമീണ മേഖലകളിലെ പ്രധാന ജംഗ്ഷനുകളിലും ജനവാസ മേഖലകളിലും തെരുവുനായ്ക്കൂട്ടം ശല്യമായിട്ടും അധികാരികൾ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമാവുന്നു. പെരിങ്ങമ്മല ജംഗ്ഷൻ, ആശുപത്രി കോമ്പൗണ്ട്,കുശവൂർ,തെന്നൂർ,കോളേജ് ജംഗ്ഷൻ,പാലോട് ആശുപത്രി ജംഗ്ഷൻ,ആശുപത്രി, നന്ദിയോട് മാർക്കറ്റ് ജംഗ്ഷൻ,പച്ച ശാസ്താക്ഷേത്ര പരിസരം,ഓട്ടുപാലം,പച്ച,കാലൻകാവ്,പൊട്ടൻചിറ, വട്ടപ്പൻകാട്,പ്ലാവറ,ആലുമ്മൂട് എന്നിവിടങ്ങളിലാണ് ഇരുചക്രവാഹനക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി തെരുവ് നായശല്യമുള്ളത്. രാത്രിയായാൽ തെരുവ്നായ്ക്കൂട്ടം കൂടുതൽ ആക്രമണകാരികളാകും. കഴിഞ്ഞ രണ്ടു മാസത്തിനിടെ നിരവധി ഇരുചക്രവാഹനയാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.
വേസ്റ്റുകൾ പൊതുനിരത്തിൽ തള്ളുന്നതിനാൽ മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കാനാകുന്നില്ല. വളർത്തുമൃഗങ്ങളെയും ഇവ ആക്രമിക്കാറുണ്ട്. നഗരത്തിൽ നിന്നു പിടികൂടിയ നായ്ക്കളെ ഗ്രാമീണ ജനവാസ മേഖലയിൽ കൊണ്ടുതള്ളുന്നതായി ആക്ഷേപമുണ്ട്. ഒഴിഞ്ഞ പറമ്പുകൾ, പണി പൂർത്തിയാകാത്ത കെട്ടിടങ്ങൾ, ഇടവഴികൾ തുടങ്ങിയ ഇടങ്ങളാണ് പ്രധാന താവളം.പാലോട് ആശുപത്രി പരിസരത്ത് രോഗികൾക്കോ കൂട്ടിരിപ്പുകാർക്കോ നിൽക്കാൻപറ്റാത്ത അവസ്ഥയാണ്. രാത്രികാലങ്ങളിൽ ശല്യം രൂക്ഷമാണ്.
ഷെൽറ്റർ നടപ്പായില്ല
വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ തെരുവുനായ്ക്കൾക്കായി ഷെൽറ്റർ ഒരുക്കുന്നതിനായി കണ്ടെത്തിയത് പാങ്ങോട് പഞ്ചായത്തിലാണ്. ഒരേക്കർ സ്ഥലമാണ് പദ്ധതി നടത്തിപ്പിനായി വേണ്ടത്. പ്രഖ്യാപനം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ത്രിതല പഞ്ചായത്ത് ഭരണസമിതികൾക്കായിട്ടില്ല. ഓരോ പഞ്ചായത്തും നിശ്ചിത തുക ഈ പദ്ധതിയിലേക്കായി നൽകണമെന്ന് സർക്കാർ നിർദേശിച്ചിട്ടും പഞ്ചായത്തധികൃതർ നടപടിയെടുത്തിട്ടില്ല.
ഓരോ പഞ്ചായത്തുകളിലും തെരുവുനായ്ക്കളുടെ എണ്ണമെടുക്കണമെന്ന നിർദ്ദേശമുണ്ടായിട്ടും നടപടിക്രമങ്ങൾ പാലിക്കാതെ ഇരുന്നൂറോളം നായ്ക്കളുണ്ടെന്ന കണക്കാണ് പല പഞ്ചായത്തും സർക്കാരിലേക്ക് നൽകിയത്.
മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത ഇറച്ചിക്കടകളും ഹോട്ടലുകളുമാണ് പ്രതിസന്ധിയാകുന്നത്. ഇവർ പൊതുനിരത്തിൽ തള്ളുന്ന മാലിന്യങ്ങൾ ഭക്ഷിക്കാനെത്തുള്ള നായ്ക്കളാണ് കൂടുതൽ ആക്രമണകാരികളാകുന്നത്.