ആലപ്പുഴയിൽ 14കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചത് നാലുവർഷം, മൂന്നുപേർ അറസ്റ്റിൽ
ആലപ്പുഴ: പുന്നപ്രയിൽ പതിന്നാലുകാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. നാലുവർഷമായി കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയതായി പൊലീസ് പറഞ്ഞു. പിതാന് ഉൾപ്പെടെ മൂന്നുപേരാണ് അറസ്റ്റിലായത്. എട്ടുവയസിലാണ് മാതാവിന്റെ സഹോദരൻ ആദ്യമായി കുട്ടിയെ പീഡിപ്പിക്കുന്നത്. സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് പോക്സോ കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ജാമ്യത്തിലിറങ്ങിയ പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നു.
പിതാവിന്റെ ആദ്യഭാര്യയിലുള്ള കുട്ടിയാണ് പീഡനത്തിന് ഇരയായത്.മാതാവ് കുട്ടിയെ ഉപേക്ഷിച്ച് പോയതോടെ പിതാവിന്റെ സഹോദരിയുടെ വീട്ടിലായിരുന്നു താമസം. ഇവിടെ വച്ചായിരുന്നു ആദ്യം പീഡനത്തിന് ഇരയായത്. പിന്നാലെ പിതൃസഹോദരി കുഞ്ഞിനെ ദേഹോപദ്രവം ഏൽപ്പിച്ചതോടെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റിയിരുന്നു.
2022ലാണ് ഇവിടെ നിന്ന് പിതാവ് കുട്ടിയെ ഏറ്റെടുക്കുന്നത്. അതിന് ശേഷം പിതാവിനൊപ്പം ബന്ധുവീട്ടിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. അവിടെ നിന്നാണ് കൂടുതൽ ബന്ധുക്കളിൽ നിന്ന് പെൺകുട്ടിക്ക് പീഡനം ഏൽക്കേണ്ടി വന്നത്. നാലുവർഷമായി ബന്ധുക്കളിൽ നിന്ന് തുടർച്ചയായി പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായി. പിതാവ്, പിതാവിന്റെ സഹോദരീ ഭർത്താവ്, പിതാവിന്റെ സഹോദരിയുടെ മകൻ, മറ്റൊരു ബന്ധു എന്നിവരാണ് പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം ബന്ധുവായ സുഹൃത്തിനോട് പെൺകുട്ടി ഇക്കാര്യം പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. ഈ കുട്ടി മാതാവിനോട് വിവരം പറഞ്ഞു. കൗൺസിലറായ മാതാവ് ഇക്കാര്യം പൊലീസിൽ അറിയിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.