തോട്ടുമുക്ക്-ആനപ്പെട്ടി റോഡ് നിർമ്മാണം ഇഴയുന്നു

Sunday 15 February 2026 1:06 AM IST

വിതുര: തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് ആനപ്പെട്ടി റോഡ് ടാറിംഗ് നടത്തി യാത്ര സുഗമമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. രണ്ട് മാസം മുൻപാണ് റോഡ് നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. നിലവിൽ നിർമ്മാണങ്ങൾ വൈകിയാണ് നടക്കുന്നത്.പണി പൂർത്തീകരിക്കാത്തതിനാൽ റോഡിൽ ഇപ്പോഴും അപകടങ്ങൾ പതിവാകുകയാണ്. റോഡരികുകൾ വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതിനാൽ പൊടിമയമാണ്. പൊടിശല്യം പരിഹരിക്കുന്നതിനായി നാട്ടുകാർ റോഡിൽ വെള്ളമൊഴിക്കേണ്ട അവസ്ഥയിലാണ്.

റോഡ് ടാറിംഗ് നടത്താനായി ജില്ലാപഞ്ചായത്തും തൊളിക്കോട് പഞ്ചായത്തും ഫണ്ടനുവദിച്ചിരുന്നു. തോട്ടുമുക്ക് ആനപ്പെട്ടി റോഡിന്റെ ശോച്യാവസ്ഥയും അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി അദ്ധ്യക്ഷ എസ്.സുനിത റോഡ് സന്ദർശിക്കുകയും ഫണ്ട് അനുവദിക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. തോട്ടുമുക്ക് മുതൽ താന്നിമൂട് വരെയാണ് ടാറിംഗ് നടത്തേണ്ടത്. നേരത്തേ തൊളിക്കോട് പഞ്ചായത്ത്ഫണ്ട് വിനിയോഗിച്ച് താന്നിമൂട് മുതൽ ആനപ്പെട്ടി വരെയുള്ള റോഡ് കോൺക്രീറ്റ് ചെയ്തിരുന്നു.

ഗതാഗതയോഗ്യമല്ലാതെ

പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് ജംഗ്ഷനിൽ നിന്നും ആനപ്പെട്ടി മേഖലയിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് വ‌ർഷങ്ങളായി ഗതാഗതയോഗ്യമല്ലാതെ കിടക്കുകയായിരുന്നു. ഇതിനെതിരെ നാട്ടുകാർ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചിരുന്നു.

അപകടങ്ങളും

അപകടം നിറഞ്ഞതാണ് ഈ റോഡിലൂടെയുള്ള യാത്ര. മിക്ക ഭാഗത്തും കുഴികളാണ്. ഗട്ടറുകളിൽ വീണ് ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽപ്പെടുന്നത് പതിവാണ്. സ്കൂൾ വാഹനങ്ങളുൾപ്പെടെ ധാരാളം ഇതുവഴി കടന്നുപോകാറുണ്ട്.

ഓടയ്ക്ക് സ്ലാബുകളില്ല

നിലവിൽ ഓടകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും സ്ലാബുകൾ ഇട്ടിട്ടില്ല. ഇത് അപകടഹേതുമായി മാറിയിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കുമെന്നാണ് പഞ്ചായത്ത് വ്യക്തമാക്കുന്നത്. മഴയ്ക്ക് മുൻപേ പണി പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.