മലയാള,കുടക് ജനതയുടെ സംഗമകേന്ദ്രമായി ഊട്ടുത്സവം പയ്യാവൂരപ്പന് നിവേദ്യമായി വലിയവട്ടളത്തിലെ പ്രഥമൻ വിലക്ക്
ശ്രീകണ്ഠപുരം: മലയാളി-കുടക് ജനതയുടെ പ്രാചീനകാലം തൊട്ടുള്ള ഒരുമയുടെ ഉത്സവമായാണ് പയ്യാവൂർ ഊട്ടു ഉത്സവം അറിയപ്പെടുന്നത്. ഇരുജനതയും ഒന്നിച്ച് ആഘോഷിക്കുന്ന ഉത്സവം ദേശഭാഷകളുടെ അതിരുകൾക്കപ്പുറം ഒത്തൊരുമയുടെ ആഘോഷം കൂടിയാണ്. കിരാതവേഷധാരിയായ മഹാദേവനും വില്ലാളിവീരനായ അർജുനനും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ ഓർമ്മിപ്പിക്കുന്ന പുരാവൃത്തമാണ് പയ്യാവൂരിലെ ആരാധനയ്ക്ക് പിന്നിലുള്ളത്.കാലങ്ങൾക്ക് മുമ്പുണ്ടായിരുന്ന ഭഗവാനെ ഊട്ടുന്ന ചടങ്ങ് പിന്നീട് ഏതോ വറുതിക്കാലത് നിന്നു പോയെന്നും കുടകരുടെ അരിക്കാഴ്ചയും പ്രദേശവാസികളുടെ വിഭവകാഴ്ചയും ചേർത്ത് പിൽക്കാലത്ത് വീണ്ടും തുടങ്ങിയെന്നുമാണ് പറയപ്പെടുന്നത് . ഉത്സവകാലത്ത് ഇവിടെയെത്തുന്ന ഭക്തർക്ക് അന്നദാനം പ്രധാന ചടങ്ങാണ് .
ചടങ്ങിലെ പ്രധാന നിവേദ്യമായ വലിയ വട്ടളത്തിൽ തയ്യാറാക്കുന്ന അടപ്രഥമൻ പായസം പ്രഥമൻ വിലക്ക് എന്നാണ് അറിയപ്പെടുന്നത്. ഭക്തർ നേർച്ചയായാണ് ഇത് സമർപ്പിക്കുന്നത്.ക്ഷേത്രമുറ്റത്തോടു ചേർന്നുള്ള വിറകടുപ്പിലെ വലിയ വട്ടളത്തിൽ തയ്യാറാക്കുന്നതിനാലാണ് വലിയ വട്ടളം പായസം എന്നറിയപ്പെടുന്നത്.
അരി ഉരലിൽ ഇടിച്ചെടുക്കണം
ഉരലിൽ ഇടിച്ച അരി ഉപയോഗിച്ചാണ് ഇതിനുള്ള അട ഒരുക്കുന്നത്. നോമ്പുനോറ്റു നിൽക്കുന്ന സ്ത്രീകളാണ് അരി ഇടിക്കുന്നത്. തേങ്ങപ്പിഴിഞ്ഞ് പാൽ എടുക്കുന്നതും പായസം തയ്യാറാക്കുന്നതും നമ്പൂതിരിമാരാണ്. അരിപ്പൊടി ,തേങ്ങാപ്പാൽ ,ഗോതമ്പ് ,ശർക്കര അല്ലെങ്കിൽ പഞ്ചസാര നെയ്യ് ,ഏലം, വാഴപ്പഴം എന്നിവയെല്ലാം ചേർത്താണ് പാലടപായസം തയ്യാറാക്കുന്നത്. നൂറിടങ്ങഴി അരിയാണ് പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നത്. എഴുന്നൂറു തേങ്ങയും 110 കിലോ അരിയുമാണ് നിലവിൽ പായസത്തിനുപയോഗിക്കുന്നതെന്ന് പയ്യാവൂർ നെയ്യമൃത് സംഘം ഭാരവാഹിയായ രാജീവൻ തളിയിൽ പറഞ്ഞു. ഇങ്ങനെ തയ്യാറാക്കുന്ന പായസം ക്ഷേത്രത്തിലെ നിവേദ്യത്തിനുപയോഗിച്ച ശേഷം അന്നദാനത്തിനിടെ ഭക്തർക്ക് നൽകും .