കണ്ണൂരിന്റെ സ്വപ്നത്തുടക്കത്തിന് 17ന് തറക്കല്ലിടും അഞ്ചരക്കണ്ടിയിൽ സയൻസ് പാർക്ക് പടുവിലായിയിൽ ഐ.ടി.പാർക്ക്

Saturday 14 February 2026 9:25 PM IST

ഇരുപദ്ധതികളിലുമായി 4 ലക്ഷം പേർക്ക് തൊഴിലവസരം

കണ്ണൂർ: ജില്ലയിൽ സയൻസ് പാർക്ക്, ഐ.ടി.പാർക്ക് പദ്ധതികൾക്ക് 17ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുന്നു. അഞ്ചരക്കണ്ടി ചെറിയവളപ്പിൽ 25 ഏക്കറിൽ 275 കോടിയുടെ സയൻസ് പാർക്കും വേങ്ങാട് പടുവിലായിൽ കിൻഫ്രയുടെ 25 ഏക്കറിൽ 317 കോടി ചിലവിട്ടുമാണ് ഐ.ടി. പാർക്കുമാണ് ഒരുക്കുന്നത്.അഞ്ചരക്കണ്ടി ചെറിയവളപ്പിലാണ് ഉദ്ഘാടന പരിപാടി. അടുത്ത ആഴ്ച്ചയോടെ പ്രവൃത്തി ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. രണ്ടുവർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് പദ്ധതി.

ഇരുപദ്ധതികളിലുമായി നാല് ലക്ഷം പേർക്ക് തൊഴിലവസരം ലഭിക്കും.രണ്ട് വർഷമാണ് നിർമ്മാണ കാലാവധി .

ഐ.ടി. പാർക്കിനും സയൻസ് പാർക്കിനും വൈദ്യുതി ലഭ്യമാക്കുന്നതിനായി 33 കെ.വി.സബ്‌സ്റ്റേഷൻ നിർമ്മിക്കും. കീഴല്ലൂർ പനയത്തുപറമ്പ് പി.ഡബ്യു.ഡി റോഡിൽ നിന്ന് ഏകദേശം 720 മീറ്റർ നീളമുള്ള അപ്രോച്ച് റോഡും നിർമ്മിക്കും. കിൻഫ്ര ഏറ്റെടുത്ത ഭാഗത്തിലൂടെയാണ് റോഡ് സൗകര്യം ഒരുക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. സ്പീക്കർ എ.എൻ ഷംസീർ വിശിഷ്ടാതിഥിയാകും. എം.പിമാരായ കെ.സുധാകരൻ , വി.ശിവദാസൻ, ശൈലജ എം.എൽ.എ, കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. കെ.കെ.സാജു തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ചീഫ് സയന്റിസ്റ്റും കെ.എസ്.ഐ.ടി.ഐ.എൽ മെമ്പർ സെക്രട്ടറിയുമായ പ്രൊഫ എ.സാബു, മനോജ് കുമാർ, ഡോ.സി.അരുൺ എന്നിവർ പങ്കെടുത്തു.

ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളെ പ്രയോജനപ്പെടുത്തും

സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച നാല് സയൻസ് പാർക്കുകളിലൊന്നാണ് കണ്ണൂരിൽ തുടങ്ങുന്നത്. സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, പ്രമുഖ വ്യവസായ ഗ്രൂപ്പുകൾ എന്നിവയെ ഒരു കുടക്കീഴിലാക്കി ട്രിപ്പിൾ ഹെലിക്സ് മോഡലിൽ നിർമ്മിക്കുന്ന സയൻസ് പാർക്കിന്റെ പ്രിൻസിപ്പൽ അസോസിയേറ്റ് ചുമതല കണ്ണൂർ സർവകലാശാലക്കാണ്.കേരള സംസ്ഥാന ശാസ്ത്ര സാങ്കേത പരിസ്ഥിതി കൗൺസിൽ (കെ.എസ്.ഐ.ടി.ഐ.എൽ) മേൽനോട്ടം വഹിക്കും.ബയോപ്രോസസിംഗ് , ബയോപ്രോസ്‌പെക്ടിംഗ് മേഖലകളിൽ ഊന്നിയുള്ള നൂതന ഗവേഷണങ്ങൾക്ക് ഊന്നൽ നൽകിയാകും പാർക്കിന്റെ പ്രവർത്തനം. കണ്ണൂർ കാസർകോട്, കോഴിക്കോട് മേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും സഹകരണവും സയൻസ് പാർക്കിന്റെ പ്രവർത്തനങ്ങളിൽ പ്രയോജനപ്പെടുത്തും.

അഞ്ചുലക്ഷം ചതുരശ്ര അടിയിൽ

ആദ്യ ഐ.ടി മന്ദിരം

അഞ്ചേക്ക‌ർ വരുന്ന ഐ.ടി പാർക്കിലെ ആദ്യ ഐ.ടി മന്ദിരം ഏകദേശം അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ എല്ലാ ആധുനിക സൗകര്യങ്ങളോടുകൂടിയാണ് രൂപകൽപ്പന ചെയ്തത്. കിഫ്ബി വഴി ആദ്യഘട്ടത്തിൽ 293.22 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. രണ്ട് ബേസ്‌മെന്റ് , ഗ്രൗണ്ട് ഫ്ളോർ, അതിനുമുകളിൽ ആറ് നിലകൾ ഉൾപ്പെടെ ആകെ ഒൻപത് നിലകളായാണ് കെട്ടിടത്തിന്റെ രൂപകൽപ്പന . താഴെയുള്ള രണ്ട് ബേസ്‌മെന്റ് നിലകളിലായി ഏകദേശം 456 കാറുകൾ പാർക്ക് ചെയ്യാം. ഗ്രൗണ്ട് നിലയും ഒന്നാം നിലയും ഉൾപ്പെടെ രണ്ട് നിലകളിലായി ഏകദേശം 50,000 ചതുരശ്ര അടി വിസ്തൃതിയിൽ ആധുനിക സൗകര്യങ്ങളോടുകൂടി പ്ലഗ് ആൻഡ്‌ പ്ലേ സൗകര്യമുണ്ട്. മറ്റ് നിലകൾ വിവിധ ഐ.ടി. കമ്പനികളുടെ ആവശ്യങ്ങൾക്കനുസരിച്ച് ക്രമീകരിച്ച് ഉപയോഗിക്കാം. ഗ്രൗണ്ട് ഫ്ളോറിൽ വിശാലമായ കോൺഫറൻസ് ഹാൾ, ഓഡിറ്റോറിയം, കെയർ സെന്റർ, ഏകദേശം 10,000 ചതുരശ്ര അടി വിസ്തൃതിയുള്ള കോ വർക്കിംഗ് സ്‌പേസ്, ബാങ്ക് എന്നിവ ഒരുക്കും.ബേസ്‌മെന്റ് നിലയിൽ വിശാലമായ ഫുഡ് കോർട്ട്, ജിം, സ്‌പോർട്സ് സെന്റർ, സ്പാ, ക്ലിനിക് എന്നിവ ഒരുക്കിയിട്ടുണ്ട്.മഴവെള്ള സംഭരണ സംവിധാനം, ഇന്റേണൽ റോഡുകൾ, ഡ്രെയിനേജ് സൗകര്യങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സയൻസ് പാർക്ക്

25 ഏക്കർ വിസ്തൃതി

275 കോടി ചിലവ്

ഐ.ടി.പാ‌ർക്ക്

25 ഏക്കർ വിസ്തൃതി

9 നിലകളിൽ

317 കോടി ചിലവ്

4 ലക്ഷം പേർക്ക് തൊഴിൽ