ഇന്ത്യയുമായുള്ള ബന്ധം ബംഗ്ലാദേശിന്റെ താത്പര്യങ്ങൾ അനുസരിച്ച് മാത്രം, വിദേശനയത്തിൽ നിലപാട് വ്യക്തമാക്കി താരിഖ് റഹ്മാൻ
ധാക്ക: ഇന്ത്യയുമായുള്ള ഭാവി ബന്ധത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി ) അദ്ധ്യക്ഷൻ താരിഖ് റഹ്മാൻ. ബംഗ്ലാദേശിന്റെ താത്പര്യങ്ങൾക്ക് അനുസരിച്ചായിരിക്കും ഇന്ത്യയുടെ വിദേശനയമെന്ന് താരിഖ് റഹ്മാൻ വ്യക്തമാക്കി. ബംഗ്ലാദേശ് ഫസ്റ്റ് എന്നതാണ് നയമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ ബി.എൻ.പി നേടിയ വിജയത്തിന് ശേഷമുള്ള ആദ്യ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സന്തുലിതമായ ബന്ധങ്ങളാണ് ബംഗ്ലാദേശ് ആഗ്രഹിക്കുന്നതെന്നും ഏതെങ്കിലും ഒരു രാജ്യവുമായി മാത്രം ബന്ധം പരിമിതപ്പെടുത്തില്ലെന്നും താരിഖ് റഹ്മാൻ പറഞ്ഞു. ബംഗ്ലാദേശിന്റെയും ബംഗ്ലാ ജനതയുടെയും താത്പര്യങ്ങളായിരിക്കും നമ്മുടെ വിദേശനയം നിർവചിക്കുന്നത്. ഇന്ത്യ, ചൈന, പാകിസ്ഥാൻ, തുടങ്ങിയ പ്രാദേശിക ശക്തികളുമായി സന്തുലിതമായ ബന്ധം നിലനിറുത്തുമെന്നും ഒരു രാജ്യത്തെയും യജമാന രാജ്യമായി കണക്കാക്കില്ലെന്നും ബി.എൻ.പി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നിലപാട് ആവർത്തിക്കുകയാണ് താരിഖ് റഹ്മാൻ ചെയ്തത്.
അതേ സമയം ബംഗ്ലാദേശ് ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ നോക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബി.എൻ.പി ക്ഷണിക്കാൻ സാദ്ധ്യതയുണ്ടെന്നുാണ് റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ 299 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 209 സീറ്റാണ് ബി.എൻ.പി നേടിയത്. 20 വർഷത്തിന് ശേഷമാണ് ബി.എൻ.പി അധികാരത്തിൽ തിരിച്ചെത്തുന്നത്.